കോഹ്‌ലിയുടെ ഇന്നിംഗ്സ് കാരണം തന്നെയാണ് ആർസിബി തോറ്റത്, സൂപ്പർ താരത്തിനെതിരെ സുനിൽ ഗവാസ്‌കർ; കൂടെ മറ്റൊരു താരത്തിനെതിരെയും വിമർശനം

ഐപിഎൽ 17ാം സീസണിൽ രണ്ടാം തോൽവി വഴങ്ങി ആർസിബി നിൽക്കുമ്പോൾ ടീമിന് എതിരെ ആരാധകർ വമ്പൻ വിമർശനമാണ് നടത്തുന്നത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ കെകെആറിനോട് ഏഴ് വിക്കറ്റിന്റെ തോൽവിയാണ് ആർസിബി വഴങ്ങിയത്. മത്സരത്തിൽ ആർസിബി മുന്നോട്ടുവെച്ച 183 റൺസ് വിജയലക്ഷ്യം 16.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ കെകെആർ മറികടന്നു.

183 റൺസ് വിജയലക്ഷ്യം രണ്ട് തവണ ചാമ്പ്യൻമാരായ കൊൽക്കത്തയ്ക്ക് ഒരിക്കലും ഭീഷണിയായില്ല. മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ പേര് എടുത്ത് പറഞ്ഞില്ല എങ്കിൽ പോലും തോൽവിക്ക് കാരണമായ ഇന്നിങ്‌സുകൾ കളിച്ച കാമറൂൺ ഗ്രീൻ വിരാട് കോഹ്‌ലിക്ക് എന്നിവർക്ക് എതിരെ ഒളിയമ്പ് എയ്തിരിക്കുകയാണ്.

“പവർപ്ലേ ഓവറുകളിൽ ആർസിബിയുടെ പ്രകടനം ദയനീയം ആയിരുന്നു. കൊൽക്കത്ത കളിച്ച ഇന്നിംഗ്സ് നോക്കുക. അത്ര മനോഹരമായിട്ടാണ് അവർ കളിച്ചത്. ആർസിബിയുടെ പ്രകടനം അവർ എന്തോ പേടിച്ച് കളിച്ചതുപോലെ തോന്നി.” സുനിൽ ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

പവർപ്ലേ ഓവറുകളിൽ വിരാടും ഗ്രീനും ആയിരുന്നു ആർസിബിക്ക് വേണ്ടി ക്രീസിൽ. ഇരുവരും 6 ഓവറിൽ 60 റൺസ് കൂട്ടിച്ചേർത്തു. അതേസമയം അർദ്ധ സെഞ്ച്വറി നേടിയ വെങ്കടേഷ് അയ്യരാണ് കെകെആറിന്റെ ടോപ് സ്‌കോറർ. താരം 30 ബോളിൽ 3 ഫോറിന്റെയും 4 സിക്‌സിന്റെയും അകമ്പടിയിൽ 50 റൺസെടുത്തു. സുനിൽ നരെയ്ൻ 22 ബോളിൽ 5 സിക്‌സിന്റെയും 2 ഫോറിന്റെയും അകമ്പടിയിൽ 47 റൺസെടുത്തു. ഫിൽ സാൾട്ട് 20 ബോളിൽ 30, ശ്രേയസ് അയ്യർ 24 ബോളിൽ 39* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ആർസിബി 182 റൺസ് നേടിയത്. നാല് വീതം സിക്സും ഫോറും ഉൾപ്പെടെ 59 പന്തിൽ 83 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോഹ്‌ലിയാണ് ആർസിബിയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. കെകെആറിനായി ഹർഷിദ് റാണ, ആന്ദ്രെ റെസ്സൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സുനിൽ നരെയ്ൻ ഒരു വിക്കറ്റ് വീഴ്ത്തി. കെകെആറിന്റെ ഈ സീസണിലെ രണ്ടാം ജയവും ആർസിബിയുടെ രണ്ടാം തോൽവിയുമാണിത്.