രാജസ്ഥാന് തിരിച്ചടി, ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം കളിക്കില്ല

രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരം ജോസ് ബട്ട്ലര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അവരുടെ വരാനിരിക്കുന്ന മത്സരത്തില്‍ ടീമില്‍ നിന്ന് പുറത്തായേക്കും. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ വിരലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റം. ഇടത് കൈയുടെ ചെറുവിരലിലാണ് താരത്തിന് പരിക്കേറ്റിരുന്നത്. ഇതിനെ തുടര്‍ന്ന് താരം ഇഷ്ട പൊസിഷന്‍ വിട്ട് വണ്‍ഡൗണായാണ് ബാറ്റിംഗിന് ഇറങ്ങിയത്.

മത്സരത്തിലെ മികച്ച ക്യാച്ച് അവാര്‍ഡ് നേടിയ ബട്ട്ലര്‍ വിരലില്‍ വെളുത്ത സ്ട്രാപ്പിംഗുമായാണ് ചെക്ക് വാങ്ങാന്‍ എത്തിയത്. താരത്തെ വിരലിന് സ്റ്റിച്ച് ഇട്ടിരിക്കുകയാണ്. അടുത്ത 72 മണിക്കൂറിനുള്ളില്‍ താരത്തിന് സുഖം പ്രാപിക്കാനും മറ്റൊരു ഗെയിം കളിക്കാനും കഴിഞ്ഞേക്കില്ല. അതിനാല്‍, ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലുള്ള ടീമിനെതിരായ വരാനിരിക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ മാനേജ്മെന്റ് അദ്ദേഹത്തിന് വിശ്രമം നല്‍കാം.

ബട്ട്‌ലറിന്റെ അഭാവത്തില്‍ സ്പിന്‍ മാന്ത്രികന്‍ രവിചന്ദ്രന്‍ അശ്വിനാണ് ഓപ്പണിംഗില്‍ ഇറങ്ങിയത്. എന്നാല്‍ ഈ പദ്ധതി ശരിയായി നടന്നില്ല. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ വന്ന ജോസ് ഒരു ബൗണ്ടറിയും സിക്സും അടിച്ചു പ്രതീക്ഷ കാത്തെങ്കിലും പവര്‍പ്ലേയുടെ അവസാന ഓവറില്‍ നഥാന്‍ എല്ലിസിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി.

ആവേശ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിംഗ്‌സിനെതിരെ അഞ്ച് റണ്‍സിനാണ് തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 197 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന്റെ മറുപടി 192 റണ്‍സില്‍ അവസാനിച്ചു. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റെയും (56 പന്തില്‍ 86 നോട്ടൗട്ട്) പ്രഭ്‌സിമ്രന്‍ സിംഗിന്റെയും (34 പന്തില്‍ 60) മിന്നല്‍ ബാറ്റിങ്ങിലൂടെ നേടിയ കൂറ്റന്‍ സ്‌കോര്‍, 4 വിക്കറ്റ് വീഴ്ത്തിയ പേസര്‍ നേഥന്‍ എലിസിന്റെ നേതൃത്വത്തില്‍ പഞ്ചാബ് ബോളര്‍മാര്‍ പ്രതിരോധിച്ചു. സ്‌കോര്‍: പഞ്ചാബ് 20 ഓവറില്‍ 4ന് 197. രാജസ്ഥാന്‍ 20 ഓവറില്‍ 7ന് 192.