കൊൽക്കത്ത ചെയ്തത് വലിയ മണ്ടത്തരം, ഇത് വരുത്തി വെച്ച തോൽവിയെന്ന് പ്രഗ്യാൻ ഓജ

വ്യാഴാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ (ഡിസി) മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) നാല് മുൻനിര ബൗളർമാരെ മാത്രം കളിപ്പിച്ച തന്ത്രം പാളിപോയെന്ന് പറയുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ. ആവേശകരമായ മത്സരത്തിൽ ഡൽഹി 4 വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയായിരുന്നു. ഈ തോൽവിയോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകളും മങ്ങിയെന്ന് പറയാം.

ശ്രേയസ് അയ്യർക്കും കൂട്ടർക്കും മത്സരം വിജയിക്കാൻ നല്ല സാധ്യത ഉണ്ടായിരുന്നതായി മുൻ ഇന്ത്യൻ ഇടംകയ്യൻ സ്പിന്നർ കരുതുന്നു. അവരുടെ ലൈനപ്പിൽ ഒരു അധിക ബൗളർ ഉണ്ടെങ്കിൽ ഗെയിം വിജയിക്കാനുള്ള മികച്ച അവസരം ഉണ്ടായിരുന്നു.

“കെകെആർ ഒരു ബൗളർ ഷോർട്ട് ആയിരുന്നു. അവരുടെ ലൈനപ്പിൽ മറ്റൊരു മുൻനിര ബൗളർ ഉണ്ടായിരുന്നെങ്കിൽ, അയ്യർക്ക് ഇത്രയും ബൗളിംഗ് ഓപ്ഷനുകൾ പരീക്ഷിക്കേണ്ടി വരില്ലായിരുന്നു. അവർക്ക് ഒരു അധിക ബൗളർ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു” ഓജ പറഞ്ഞു.

ഓജയുമായി സംസാരിക്കുന്നതിനിടെ ഉമേഷ് യാദവിനെക്കുറിച്ച് സേവാഗ് ഒരു വെളിപ്പെടുത്തൽ നടത്തി. “ഉമേഷ് യാദവിന് പന്ത് സ്വിംഗ് ചെയ്യാനറിയാം. ആ വേഗതയിൽ പന്ത് നീങ്ങുമ്പോൾ, അത് മികച്ച ബാറ്റർമാരെ ബുദ്ധിമുട്ടിക്കാൻ തുടങ്ങും. സ്ഥിരതയോടെ പന്തെറിയാനും ഉമേഷിന് സാധിക്കുന്നത്. കളിയിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, ബാക്കിയുള്ള കെകെആർ ബൗളർമാരിൽ നിന്ന് അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല.”

നേരത്തെ അർധസെഞ്ചുറി തികച്ച നിതീഷ് റാണ നടത്തിയ ബാറ്റിങ് പ്രകടനത്തിന്റെ മികവിലാണ് കൊൽക്കത്ത പൊരുതാവുന്ന സ്കോറിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 146 റൺസെടുത്തത്. നിതീഷ് റാണ 34 പന്തിൽ നാല് സിക്സറുകളുടെയും മൂന്നു ഫോറിന്റെ അകടമ്പടിയോടെ 57 റൺസെടുത്തു. അവസാന ഓവറിലാണ് റാണ പുറത്തായത്.

വാങ്കഡെ സ്റ്റേഡിയം ഒരിക്കൽ കൂടി ബോളർമാരെ തുണച്ചപ്പോൾ കൊൽക്കത്ത ബാറ്റർമാർ റൺസ് കണ്ടെത്താൻ ശരിക്കും പാടുപെട്ടു. കൃത്യമായ ഇടവേളകളിൽ ഡൽഹി ബോളർമാർ വിക്കറ്റും വീഴ്ത്തിയതോടെ കൊൽക്കത്ത പരുങ്ങലിലായി. റാണയെ കൂടാതെ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (37 പന്തിൽ 42), റിങ്കു സിങ് (16 പന്തിൽ 23) എന്നിവർ മാത്രമാണ് കൊൽക്കത്തനിരയിൽ രണ്ടടക്കം കടന്നത്. ഡല്ഹിയുട തുടക്കവും തകർച്ചയോടെ ആയിരുന്നു, എന്നാൽ അധിക ബൗളർ ഇല്ലാത്തതിനാൽ കാര്യങ്ങൾ എളുപ്പം ആവുകയായിരുന്നു

ജയത്തോടെ ഡൽഹിയുടെ പ്ലേ ഓഫ് സാധ്യതകൾ വർദ്ധിക്കുകയും ചെയ്തു.