ഏകദിന ലോകകപ്പ്: സെമിയില്‍ ഇന്ത്യ-പാക് പോര് സംഭവിച്ചാല്‍ അതുറപ്പ്; പ്രവചനവുമായി കൈഫ്

ഏകദിന ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ സെമി മത്സരം നടന്നാല്‍ അത് തികച്ചും ഏകപക്ഷീയമായ മത്സരമായി മാറുമെന്ന് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. ഒരുപക്ഷേ പാകിസ്ഥാന് സെമിയിലെത്താന്‍ സാധിച്ചേക്കുമെന്നും എന്നാല്‍ ഇന്ത്യയെ പരാജയപ്പെടുത്താനാവില്ലെന്നും കൈഫ് പറഞ്ഞു.

പാകിസ്ഥാന് സെമിയിലേക്കെത്താന്‍ സാധിച്ചേക്കും. എന്നാല്‍ സെമിയില്‍ ഇന്ത്യക്കെതിരേ എത്തിയാല്‍ ഏകപക്ഷീയമായ മത്സരമായി ഇത് മാറും. നേരത്തെ കളിച്ചപ്പോഴുള്ള ചരിത്രം ഞാന്‍ തുറക്കുന്നില്ല. പാകിസ്ഥാനെത്തിയാല്‍ ഇന്ത്യ ഏകപക്ഷീയമായിത്തന്നെ ജയിക്കും. എന്നാല്‍ പാകിസ്ഥാന്‍ സെമി കളിക്കണമെങ്കില്‍ ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിന് തോല്‍പ്പിക്കേണ്ടതായുണ്ട്.

വലിയ ജയമില്ലാതെ സെമിയിലെത്താന്‍ പാകിസ്ഥാനാവില്ല. എന്നാല്‍ പാകിസ്ഥാനെക്കാള്‍ ഞാന്‍ ശ്രദ്ധ നല്‍കുന്നത് അഫ്ഗാനിസ്ഥാനാണ്. രണ്ട് ബുദ്ധിമുട്ടുള്ള മത്സരങ്ങളാണ് അഫ്ഗാന് മുന്നിലുള്ളത്. എന്നാല്‍ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ അഫ്ഗാനിസ്ഥാന് സാധിക്കും- കൈഫ് പറഞ്ഞു

ആദ്യത്തെ എട്ട് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ പോയിന്റ് പട്ടികയിലും ഒന്നാം സ്ഥാനക്കാരാണ്. പട്ടികയില്‍ നാലാം സ്ഥാനത്തെത്തുന്നവരാകും സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. നാലാം സ്ഥാനത്തിനായി പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലാണ് പോരാട്ടം. ഭാഗ്യം തുണച്ചാല്‍ ഇന്ത്യ-പാക് സെമി സംഭവിച്ചേക്കും.