അവനൊരു വിവേക ശൂന്യന്‍, തിരുത്തിയില്ലെങ്കില്‍ ഇത് വീണ്ടും ആവര്‍ത്തിക്കും; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യുവരാജ്

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യയുടെ ബലഹീനതകള്‍ വെളിവായിരിക്കുകയാണ്. ഒന്നും മാറിയിട്ടില്ല, എല്ലാം പഴയതുപോലെ എന്നനിലയിലാണ് കാര്യം. അതില്‍ പ്രധാനം ഇന്ത്യയ്ക്ക് എന്നും തലവേദനയായ നാലാം നമ്പര്‍ സ്ഥാനം തന്നെ. ആ സ്ഥാനത്ത് ശ്രേയസ് ഏറെ പ്രതീക്ഷ നല്‍കുന്ന താരമായിരുന്നെങ്കിലും നിര്‍ണായക സമയത്ത് വട്ടപൂജ്യമായത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ശ്രേയസ് അയറിന് പകരം കെ എല്‍ രാഹുലിനെ നാലാം നമ്പറില്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിംഗ്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നയാള്‍ക്ക് സമ്മര്‍ദത്തെ അതിജീവിക്കാന്‍ കഴിയണമെന്ന് നാലാം നമ്പരിലെ എക്കാലത്തെയും വിശ്വസ്തനായിരുന്ന യുവരാജ് സിംഗ് പറഞ്ഞു.

നാലാം നമ്പര്‍ ബാറ്റര്‍ക്ക് സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിയണം. ടീം അവരുടെ ഇന്നിംഗ്സ് പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുമ്പോള്‍ ശ്രേയസ് കുറച്ചുകൂടി വിവേകത്തോടെ ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. പാക്കിസ്ഥാനെതിരെ സെഞ്ച്വറി നേടിയ ശേഷവും എന്തുകൊണ്ടാണ് കെ.എല്‍ രാഹുലിനെ നാലാം നമ്പറില്‍ ഇറക്കാത്തതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല- യുവരാജ് ‘എക്സില്‍’ പോസ്റ്റ് ചെയ്തു.

ഓസീസിനെതിരെ നാലാം നമ്പരില്‍ ഇറങ്ങിയ ശ്രേയസ് അയ്യര്‍ മൂന്ന് പന്തില്‍ അക്കൗണ്ട് തുറക്കാതെ പുറത്തായിരുന്നു. മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചെങ്കിലും ഇതുപോലുള്ള പോരായ്മകള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ തിരിച്ചടി ഉറപ്പാണ്.