ഏകദിന ലോകകപ്പ്: ഇന്ത്യയ്‌ക്കെതിരായ തോല്‍വി, ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ സര്‍ക്കാര്‍ നടപടി, ഞെട്ടല്‍!

ഏകദിന ലോകകപ്പില്‍ ഇന്ത്യയോടു ദയനീയമായി തോറ്റതിനു പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. പകരം ശ്രീലങ്കന്‍ മുന്‍ താരം അര്‍ജുന രണതുംഗയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണ സമിതിക്ക് ശ്രീലങ്കന്‍ കായികമന്ത്രി റോഷന്‍ രണസിംഗെ ചുമതല കൈമാറി.

ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്കു പിന്നാലെ ലങ്കന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിനോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ശ്രീലങ്ക ക്രിക്കറ്റ് സെക്രട്ടറി മോഹന്‍ ഡി സില്‍വ കഴിഞ്ഞ ദിവസം രാജിവച്ചു. സില്‍വ രാജിവെച്ചതിന് തൊട്ടടുത്ത ദിവസമാണ് ബോര്‍ഡ് പിരിച്ചുവിട്ടത്.

കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യക്കെതിരെ 302 റണ്‍സിന് ടീം തോറ്റതിന് പിന്നാലെ ക്രിക്കറ്റ് ബോര്‍ഡ് ഒന്നടങ്കം രാജിവെക്കണമെന്ന് കായിക മന്ത്രി പരസ്യമായി ആവശ്യപ്പെടുകയായിരുന്നു. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തപ്പോള്‍, ലങ്കയുടെ മറുപടി വെറും 55 റണ്‍സില്‍ അവസാനിച്ചു.

ഏകദിന ലോകകപ്പില്‍ സെമിയിലെത്താതെ പുറത്താകലിന്റെ വക്കിലാണ് ശ്രീലങ്ക. ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അവര്‍ക്കു ജയിക്കാന്‍ സാധിച്ചതു രണ്ടു കളികള്‍ മാത്രമാണ്. നാലു പോയിന്റുമായി പട്ടികയിലെ ഏഴാം സ്ഥാനത്താണ് അവര്‍.