ഏകദിന ലോകകപ്പ്: തനിഗുണം കാണിച്ച് അക്തര്‍, ഇന്ത്യന്‍ ടീമിനെ തളര്‍ത്താന്‍ 'സൈക്കോളജിക്കല്‍ മൂവ്', ഇര രോഹിത്തും കോഹ്‌ലിയും

ഏകദിന ലോകകപ്പില്‍ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനൊരുങ്ങുന്ന ഇന്ത്യയെ മാനസികമായി തകര്‍ക്കുന്ന വിമര്‍ശനവുമായി പാക് മുന്‍ താരം ഷുഐബ് അക്തര്‍. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം രോഹിത് ശര്‍മ്മ ഏറ്റെടുക്കാന്‍ പാടില്ലായിരുന്നുവെന്നാണ് അക്തര്‍ പറയുന്നത്. അതിനുള്ള കാരവും അക്തര്‍ വ്യക്തമാക്കി. രോഹിത്തിനെ മാത്രമല്ല മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെയും അക്തര്‍ വിമര്‍ശിച്ചു.

രോഹിത് ശര്‍മ നല്ലൊരു വ്യക്തിയാണ്. എന്നിരുന്നാലും ക്യാപ്റ്റന്‍സിക്കിടെ സമ്മര്‍ദ്ദഘട്ടങ്ങളില്‍ അദ്ദേഹം പരിഭ്രാന്തനായി കാണപ്പെടാറുണ്ട്. ഞാന്‍ പറയുന്നത് അല്‍പ്പം കടുപ്പമായി തോന്നാം. പക്ഷെ ഇന്ത്യയുടെ ക്യാപ്റ്റന്‍സി രോഹിത് ഏറ്റെടുക്കാന്‍ പാടില്ലായിരുന്നു.

പ്രതിഭയുടെ കാര്യമെടുത്താല്‍ വിരാട് കോഹ്‌ലിയേക്കാള്‍ മുകളിലാണ് രോഹിത്. ക്ലാസിക്കല്‍ ബാറ്ററെന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാം. പക്ഷെ ക്യാപ്റ്റന്‍സി അദ്ദേഹത്തെക്കൊണ്ട് കഴിയുമോ? സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ രോഹിത് നന്നായി പ്രതികരിക്കാറുണ്ടോ? ഈ ചോദ്യങ്ങളാണ് എന്റെ മനസിലേക്കു വന്നുകൊണ്ടിരിക്കുന്നത്.

കോഹ്‌ലി അമിതമായി അഗ്രസീവായി പെരുമാറുന്ന ക്യാപ്റ്റനാണ്. അതു അത്ര നല്ല കാര്യമായി ഞാന്‍ കാണുന്നില്ല. രോഹിത് ശര്‍മയാവട്ടെ ഒരുപാട് പരിഭ്രാന്തനായി കാണപ്പെടുകയും ചെയ്യുന്നു. ഇന്ത്യയിലെ മാധ്യമങ്ങളെയാണ് ഞാന്‍ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുക. ഇന്ത്യന്‍ ടീം ഒരിക്കലും പരാജയപ്പെടാന്‍ പാടില്ലെന്ന തരത്തിലൊരു സാഹചര്യം എല്ലാവരും ചേര്‍ന്ന് രൂപപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനു എന്തുകൊണ്ട് തോല്‍ക്കാന്‍ പാടില്ല- അക്തര്‍ ചോദിച്ചു.