'നീയൊന്നും കളിച്ചില്ലെന്ന് വെച്ച് ഇവിടൊന്നും സംഭവിക്കാന്‍ പോകുന്നില്ല, ഈ രാജ്യത്ത് നിരവധി പ്രതിഭകളുണ്ട്'; തുറന്നടിച്ച് ഗാംഗുലി

രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ചതിന് ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ വാര്‍ഷിക കരാറില്‍നിന്നും ഒഴിവാക്കിയ ബിസിസിഐയുടെ നടപടിയെ സ്വാഗതം ചെയ്ത് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ സാധിക്കില്ലെന്ന ഇഷാന്‍ കിഷന്റെ നിലപാട് തന്നെ അദ്ഭുതപ്പെടുത്തിയയെന്നും ബിസിസിഐയുമായി കരാറുള്ള താരം എങ്ങനെയാണ് അതു പറയുന്നതെന്നും ഗാംഗുലി ചോദിച്ചു.

രഞ്ജി ട്രോഫി കളിക്കാന്‍ സാധിക്കില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. ഇന്ത്യയ്ക്കായി കളിക്കുന്നതിന് വാര്‍ഷിക കരാറുള്ള താരങ്ങള്‍ എങ്ങനെയാണ് അതു പറ്റില്ലെന്നു പറയുക. ശ്രേയസ് ഇപ്പോള്‍ മുംബൈ ടീമിനൊപ്പമുണ്ട്.

രഞ്ജി ട്രോഫി പോലെ പ്രധാനപ്പെട്ട ടൂര്‍ണമെന്റ് കളിക്കില്ലെന്നു പറയാന്‍ ഒരു താരത്തിനും കഴിയില്ല. ഞാന്‍ എന്റെ കരിയറിന്റെ അവസാന കാലത്തുപോലും രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. കളിക്കാര്‍ക്കെതിരെ ബിസിസിഐ ശക്തമായ നിലപാടു സ്വീകരിച്ചതു മാതൃകാപരമാണ്.

ഇംഗ്ലണ്ടിനെതിരെ യശസ്വി ജയ്‌സ്വാളിന്റെയും ധ്രുവ് ജുറേലിന്റെയും പ്രകടനങ്ങള്‍ എന്നെ ആകര്‍ഷിച്ചു. ഇഷാന്‍ കിഷനെ പോലെയുള്ളവര്‍ ഇതു കാണേണ്ടതാണ്. നിങ്ങളൊന്നും കളിച്ചില്ലെങ്കിലും ഈ രാജ്യത്ത് നിരവധി പ്രതിഭകളുണ്ട്. അവര്‍ കിട്ടിയ അവസരം കൃത്യമായി ഉപയോഗിക്കും- ഗാംഗുലി പറഞ്ഞു.