വെറുതെ അല്ല അവസാന സ്ഥാനത്ത് കിടക്കുന്നത്, ചെന്നൈയും മുംബൈയും ചെയ്‌തത്‌ മണ്ടത്തരം- അജയ് ജഡേജ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മോശം സമയത്ത് കൂടിയാണ് ചെന്നൈയും മുംബൈയും കടന്നുപോകുന്നത്. ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളായ 2 പേർക്കും ഇപ്പോൾ കഷ്ടകാലമാണ്. ട്രോളന്മാർക്ക് പണ്ടൊക്കെ പിടി കൊടുക്കാതെ മുന്നേറിയിരുന്ന ഇരുവരും ഇന്ന് ട്രോളന്മാരുടെ പ്രിയപെട്ടവരാണ്. ഇപ്പോഴിതാ ഇരു ടീമുകളെക്കുറിച്ചും കുറച്ച് കാര്യങ്ങൾ പറയുകയാണ് അജയ് ജഡേജ.

” 2 ടീമുകൾക്കും പ്രധാനപ്പെട്ട ബാറ്റ്സ്മാന്മാരെ ലേലത്തിന് മുമ്പ് തന്നെ നിലനിർത്താനായി. എന്നാൽ ബൗളിംഗ് ഡിപ്പാർട്മെന്റ് മോശം തന്നെ ആയിരുന്നു.മുംബൈക്ക് ലേലത്തിൽ മേടിക്കാനായത് ടൈമൽ മിൽസ്, ബേസിൽ തമ്പി, ജയ്ദേവ് ഉനദ്കട്ട് എന്നിവരെ ആയിരുന്നു . ടൂർണമെന്റിന് മുമ്പ് തന്നെ 14 കോടി മുടക്കി ടീമിലെത്തിച്ച ദീപക് ചാഹറിന് പരിക്കേറ്റതിനാൽ ചെന്നൈക്ക് പാരയായി. പ്രധാന ബോർഡർ ഡ്വെയ്ൻ ബ്രാവോക്ക് പിന്തുണ നല്കാൻ ഉള്ളത് ക്രിസ് ജോർദാൻ, മുകേഷ് ചൗധരി, ഡ്വെയ്ൻ പ്രിട്ടോറിയസ്, തുഷാർ ദേശ്പാണ്ഡെ എന്നിവരാണ്.

“മുംബൈയിലും ചെന്നൈയിലും മികച്ച ടോപ്പ് ഓർഡർ ബൗളർമാർ ഇല്ല എന്നതാണ് പ്രശ്നം. അതുകൊണ്ടാണ് അവർ പോയിന്റ് പട്ടികയിൽ താഴെ കിടക്കുന്നത്. ചെന്നൈ മാറ്റങ്ങൾ വരുത്താൻ ഇഷ്ടപെടുന്ന ടീം അല്ല. പക്ഷെ ഒരു ഔട്ട് & ഔട്ട് ബൗളർ ഉണ്ടായിരുന്നെങ്കിൽ ചിത്രം മാറുമായിരുന്നു, പക്ഷെ ഇപ്പോൾ വൈകി പോയി.”

പോയിന്റ് പട്ടികയിൽ അവസാനക്കാരാണെങ്കിലും ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ തീപാറുമെന്ന് ഉറപ്പാണ്. 14 ഐ.പി.എൽ സീസണുകളിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമാണ് ഇരുവരും. 5 തവണ മുംബൈയും 4 തവണ ചെന്നൈയും ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ടത്.