ജയ്സ്വാളിന്റെ ബാറ്റിംഗ് പ്രകടനമല്ല, ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഏറ്റവും മികച്ച നിമിഷം ഏതെന്ന് പറഞ്ഞ് ദ്രാവിഡ്

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 4-1 ന് ജയിച്ചതിലെ സന്തോഷം മറച്ചുവയ്ക്കാതെ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ബെന്‍ സ്റ്റോക്സും സംഘവും ഉയര്‍ത്തിയ വെല്ലുവിളിക്കെതിരെ ഇന്ത്യന്‍ യുവതാരങ്ങള്‍ നിലകൊണ്ടതില്‍ അദ്ദേഹം വളരെ സന്തുഷ്ടനാണ്. യശ്വസി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലും പരമ്പരയില്‍ അവസരത്തിനൊത്ത് ഉയര്‍ന്നത് ഏറെ പ്രശംസിക്കപ്പെട്ടു. എന്നാല്‍ പരമ്പരയിലെ ഏറ്റവും മികച്ച നിമിഷം ഇതൊന്നുമല്ല. പറയുന്നത് സാക്ഷാല്‍ ദ്രാവിഡ് തന്നെ.

പരമ്പരയിലെ മികച്ച നിമിഷം രാജ്‌കോട്ട് ടെസ്റ്റിന്റെ രണ്ടാം ദിനം വ്യക്തിപരമായ കാരണങ്ങളാല്‍ ചെന്നൈയിലേക്ക് മടങ്ങിയ സ്പിന്നര്‍ ആര്‍ അശ്വിന്‍ തൊട്ടടുത്ത ദിവസം ടീമിന്റെ വിജയത്തിനായി തിരിച്ചെത്തിയതാണെന്ന് ദ്രാവിഡ് പറഞ്ഞു.

ആ ഒറ്റ സംഭവം മതി ഈ ടീമിന്റെ മനോഭാവ മനസിലാക്കാന്‍. വ്യക്തിപരമായി ഈ പരമ്പരയിലെ ഏറ്റവും നിര്‍ണായക സന്ദര്‍ഭം അതായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ഒരു കോച്ച് എന്ന നിലയില്‍ ഇത്തരം അന്തരീക്ഷമുള്ളൊരു ഡ്രസ്സിംഗ് റൂം ഏറെ സന്തോഷം തരുന്നതാണ്- ദ്രാവിഡ് പറഞ്ഞു.

രാജ്‌കോട്ട് ടെസ്റ്റിന്റെ രണ്ടാം ദിനം അമ്മ ആശുപത്രിയിലായതിനാല്‍ അശ്വിന്‍ ടീം വിട്ട് ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ നാലാം ദിനം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ബോള്‍ ചെയ്യാന്‍ അശ്വിന്‍ തിരിച്ചെത്തി.