ഏകദിനത്തില്‍ ഒരു സിക്സ് പോലും നേടിയിട്ടില്ല, ലിസ്റ്റില്‍ ഇന്ത്യന്‍ താരവും

ക്രിക്കറ്റില്‍ ബാറ്റര്‍ റോളില്‍ കളിച്ചവരില്‍ ചിലര്‍ ഏകദിനത്തില്‍ ഒരു സിക്‌സു പോലും നേടിയിട്ടില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? എങ്കില്‍ വിസ്വസിച്ചേ മതിയാകൂ. ഏകദിനത്തില്‍ അപൂര്‍വ്വം ചില താരങ്ങള്‍ ഒരു സിക്സ് പോലും നേടിയിട്ടില്ല.

സിംബാബ്‌വെയുടെ ഡിയോന്‍ ഇബ്രാഹിമാണ് ഏകദിനത്തില്‍ ഒരു സിക്‌സുപോലും നേടാത്ത അപൂര്‍വ്വ താരങ്ങളില്‍ ഒരാള്‍. 2001ല്‍ ക്രിക്കറ്റിലെത്തിയ താരം 29 ടെസ്റ്റും 82 ഏകദിനവുമാണ് സിംബാബ്‌വെക്കായി കളിച്ചത്. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറികളുമാണ് ഡിയോന്റെ പേരിലുള്ളത്.

ശ്രീലങ്കന്‍ മുന്‍ മധ്യനിര താരം തിലന്‍ സമരവിക്രമയാണ് ഈ ലിസ്റ്റിലുള്ള മറ്റൊരു താരം. 12 വര്‍ഷത്തോളം നീണ്ട ഏകദിന കരിയറില്‍ 53 ഏകദിനമാണ് തിലന്‍ കളിച്ചത്. 862 റണ്‍സാണ് തിലന്‍ ഏകദിനത്തില്‍ നേടിയത്. എന്നാല്‍ ഏകദിനത്തില്‍ ഒരു തവണപോലും സിക്സ് പായിക്കാന്‍ താരത്തിന് സാധിച്ചില്ല.

മനോജ് പ്രഭാകരാണ് ഈ പട്ടികയിലെ ഇന്ത്യക്കാരന്‍. ഓള്‍റൗണ്ടറായി ഇന്ത്യക്കായി കളിച്ചിരുന്ന താരമാണ് മനോജ് പ്രഭാകര്‍. 1984 മുതല്‍ 1996വരെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. 130 ഏകദിനം കളിച്ച് 98 ഇന്നിംഗ്സില്‍ ബാറ്റുചെയ്ത താരം 1858 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയുമുണ്ട്. എന്നാല്‍ ഏകദിനത്തില്‍ ഒറ്റ സിക്‌സുപോലും താരം നേടിയിട്ടില്ല.

ലോക ക്രിക്കറ്റിലെ മികച്ച ബാറ്റര്‍മാരിലൊരാളായ ഇംഗ്ലണ്ടിന്റെ ജിയോഫ്രി ബോയ്ക്കോട്ടിനും ഏകദിനത്തില്‍ ഒരു സിക്‌സ് നേടാന്‍ സാധിച്ചില്ല. 36 ഏകദിന മത്സരം കളിച്ചിട്ടുള്ള താരം 1000ലധികം റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും 9 അര്‍ധ സെഞ്ച്വറിയുമുള്‍പ്പെടും.