നേപ്പാളിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ; വീണുപോയ അയര്‍ലൻഡ് ബാറ്റ്‌സ്മാനെ റണ്ണൗട്ടാക്കാതെ കീപ്പര്‍

വീണുപോയ അയര്‍ലന്‍ഡ് ബാറ്റ്സ്മാനെ ഔട്ടാക്കാതെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് കാട്ടി ക്രിക്കറ്റിലെ കുഞ്ഞന്മാരായ നേപ്പാള്‍. അയര്‍ലന്റിനെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ നേപ്പാള്‍ വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്ക്ക് ആണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാട്ടിയത്. അയര്‍ലന്റിന്റെ ബാറ്റ്‌സ്മാന്‍ റണ്‍ എടുക്കാന്‍ ഓടുന്നതിനിടയില്‍ വീണുപോയെ്ങ്കിലും ഷെയ്ക്ക് സ്റ്റംപ് ചെയ്തില്ല.

ഒമാനില്‍ നടക്കുന്ന ചതുരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അയര്‍ലന്‍ഡും നേപ്പാളും തമ്മില്‍ നടന്ന ടി20 മത്സരത്തിന്റെ 19-ാം ഓവറില്‍ ആയിരുന്നു സംഭവം. റണ്‍ എടുക്കുന്നതിനിടയില്‍ നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ നിന്ന് ഓടുകയായിരുന്ന അയര്‍ലണ്ട് താരം മക്ബ്രൈന്‍, നേപ്പാള്‍ ബൗളറുടെ ദേഹത്ത് തട്ടി വീണു. ത്രോ എത്തുമ്പോഴേക്ക് ക്രീസില്‍ എത്താന്‍ കഴിഞ്ഞതുമില്ല.

നേപ്പാള്‍ വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്കിന് മക്ബ്രൈനെ എളുപ്പത്തില്‍ ഔട്ടാക്കാമായിരുന്നിട്ടും താരം സ്റ്റംപ് ചെയ്തില്ല. മത്സരം അയര്‍ലന്‍ഡ് 16 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റു ചെയ്ത അയര്‍ലന്‍ഡ് 127 റണ്‍സ് എടുത്തു. നേപ്പാളിന് നിശ്ചിത ഓവറില്‍ 111 റണ്‍സേ എടുക്കാനെ കഴിഞ്ഞുള്ളൂ.