പുതിയ സീസണിലും താന്‍ ഓപ്പണറാകുമെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ; ആദ്യ മത്സരത്തില്‍ ഡല്‍ഹി എതിരാളികള്‍

ഐപിഎല്ലിലെ പുതിയ സീസണിലും താന്‍ ഓപ്പണറായി തന്നെ കളിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. ഐപിഎല്ലിന്റെ 15 ാം സീസണില്‍ ആറാം കിരീടം ലക്ഷ്യമിടുന്ന മുംബൈയുടെ ആദ്യ എതിരാളികള്‍ റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. ഞായറാഴ്ചയാണ് ഈ മത്സരം. കഴിഞ്ഞ സീസണില്‍ തുടര്‍ച്ചയായ മൂന്നാം കിരീടം തേടിയിറങ്ങിയ മുംബൈ പ്ലേഓഫ് പോലുമെത്താതെ പുറത്താവുകയായിരുന്നു. ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് ടീം കളിക്കാനെത്തുന്നത്.

ഇത്തവണ പാണ്ഡ്യ ബ്രദേഴ്സ്, ടിം സൗത്തി, ക്വിന്റണ്‍ ഡികോക്ക് തുടങ്ങിയ പ്രമുഖരൊന്നും ഇല്ലാതെ കളിക്കേണ്ട സ്ഥിതിയിലാണ് മുംബൈ. ഇതോടെ പുതിയ പ്‌ളേയിംഗ് ഇലവനെ കണ്ടെത്തേണ്ട സ്ഥിതിയിലാണ് നായകന്‍ രോഹിത്തും മുഖ്യ കോച്ച് മഹേല ജയവര്‍ധനെയും. കഴിഞ്ഞ സീസണില്‍ ഉണ്ടായിരുന്നവരില്‍ സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ മാത്രമേ ഇത്തവണ മദ്ധ്യനിരയിലുള്ളൂ. തിലക് വര്‍മ, സഞ്ജയ് യാദവ് എന്നീ യുവതാരങ്ങള്‍ക്കു കൂടി ടീമില്‍ അവസരം ലഭിച്ചേക്കുമെന്നാണ് സൂചന.

2019 മുതല്‍ രോഹിത് ടീമില്‍ ഓപ്പണറായിട്ടാണ് കളിച്ചിട്ടുള്ളത്. രണ്ടു ഫിഫ്റ്റികളടക്കം ആ സീസണില്‍ 405 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. 2020ല്‍ ഓപ്പണറായി കളിച്ച രോഹിത് 332 റണ്‍സാണ് നേടിയത്. രണ്ടു സീസണുകളിലും മുംബൈ ജേതാക്കളായിരുന്നു. കഴിഞ്ഞ സീസണില്‍ 381 റണ്‍സ് അദ്ദേഹം നേടിയെങ്കിലും ഇതു ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ സഹായിച്ചില്ല.

പുതിയ സീസണിലും താന്‍ ഇതേ റോളില്‍ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രോഹിത്. ഡികോക്ക് ഇപ്പോള്‍ ടീമന്റെ ഭാഗമല്ലാത്തതിനാല്‍ ഇഷാന്‍ കിഷന്‍ ഓപ്പണിങ്ങിലേക്കു വരികയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇഷാന്‍ കിഷനോടൊപ്പമായിരിക്കും വരാനിരിക്കുന്ന സീസണില്‍ താന്‍ ഓപ്പണ്‍ ചെയ്യുകയെന്നും രോഹിത് ശര്‍മ വ്യക്തമാക്കി. രോഹിത്തും ഇഷാനും ചേര്‍ന്നുള്ള ഓപ്പണിങ് കോമ്പിനേഷന്‍ വളരെ മികതാണെന്നാണ് ഞാന്‍ കരുതുന്നത്. രോഹിത്തും ഇഷാനും ഓപ്പണ്‍ ചെയ്യുന്നതോടെ മദ്ധ്യനിര കൂടുതല്‍ കരുത്തു നേടും.