മുഹമ്മദ് ഷമി ബിജെപിയിലേക്ക്?; അംറോഹയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഷമിയെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബി.ജെ.പി ശ്രമം. ഷമിയുമായി ബി.ജെ.പി ദേശീയ നേതാക്കള്‍ ചര്‍ച്ച നടത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരോടൊപ്പമുള്ള ഷമിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ജന്മനാടായ അംറോഹയില്‍നിന്ന് ഷമിയെ മത്സരിപ്പിയ്ക്കാനാണ് നീക്കം. ബിജെപി നേതാവ് അനില്‍ ബലൂനിയുടെ ദല്‍ഹിയിലെ വസതിയില്‍ സംഘടിപ്പിച്ച ഈഗാസ് ആഘോഷത്തില്‍ മുഹമ്മദ് ഷമി പങ്കെടുത്തിരുന്നു. ഉത്തരാഖണ്ഡിലെ പുരാതനമായ ഒരു പരമ്പരാഗത ഉത്സവമാണ് ഈഗാസ്.

ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം ടീമിനെ ആശ്വസിപ്പിക്കാന്‍ ഡ്രസിംഗ് റൂം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഷമിയെ ആലിംഗനം ചെയ്തിരുന്നു. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിയിരുന്നു.

ഷമിയെ ഒപ്പം നിര്‍ത്തി ബിജെപി തന്ത്രപരമായ പദ്ധതികള്‍ മെനയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അംറോഹയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഉള്ള നടപടികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വേഗത്തിലാക്കി.

ലോകകപ്പിലെ ഷമിയുടെ മികച്ച പ്രകടനത്തോടുള്ള ആദരസൂചകമായിട്ടാണ് അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമമായ അംറോഹയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചത്.