കൈയടി നൽകാം ജുറലിനും കുൽദീപിനും, താരങ്ങളുടെ മികച്ച ഇന്നിംഗ്സ് രോഹിത്തിനും രജത് പാട്ടിദാറിനും നൽകിയിരിക്കുന്നത് വലിയ പാഠം; പിച്ചിനെ പറഞ്ഞ് ഇനി ആരും രക്ഷപെടാൻ നോക്കേണ്ട

ബോളിങ്ങിന് വളരെ അനുകൂലമായ സാഹചര്യം ആയിരുന്നു പിച്ചിൽ ഉണ്ടായിരുന്നത്, ആ സമയത്ത് ആയിരുന്നു രോഹിത് പുറത്തായത്! രോഹിത് ശർമ്മയെ സ്നേഹിക്കുന്ന അദ്ദേഹത്തിന്റെ ആരാധാകരിൽ ചിലർ പറഞ്ഞ വാക്കുകളാണ് ഇത്. ഇന്നലെ ഇംഗ്ലണ്ട് ഉയർത്തിയ ഒന്നാം ഇന്നിംഗ്സ് സ്കോറായ 353 പിന്തുടർന്ന് ഇന്ത്യ ബാറ്റിംഗ് ഇറങ്ങുമ്പോൾ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പുറത്തായത് വെറും 2 റൺസ് മാത്രം എടുത്താണ്. കഴിഞ്ഞ ടെസ്റ്റിൽ നേടിയ ഒരു സെഞ്ച്വറി പ്രകടനം ഒഴിച്ചുനിർത്തിയാൽ പരമ്പരയിൽ തീർത്തും നിരാശപ്പെടുത്തിയ ഇന്ത്യൻ നായകന് ഇന്നിങ്സിന് പിന്നാലെ കുറെ വിമർശനം കേൾക്കേണ്ടതായി വന്നത്. എങ്കിലും കുറച്ച് പേര് അത് ബോളിങ് പിച്ച ആണെന്ന് ആശ്വസിച്ചു.

എന്നാൽ അതെ പിച്ചിൽ തന്നെയാണ് ഇന്നലെ യുവതാരം ജയ്‌സ്വാൾ 73 റൺ എടുത്തതും ഗിൽ 38 റൺസ് എടുത്തതും. എന്നാൽ വിക്കറ്റുകൾ ഒന്നിന് പുറകെ ഒന്നായി ഇന്ത്യ 177 / 7 എന്ന നിലയിൽ നിന്നും 307 എന്ന നിലയിലേക്ക് എത്തി ഇംഗ്ലണ്ടുമായി ഉള്ള വ്യത്യാസം വെറും 46 റൺസിലേക്ക് ചുരുക്കിയപ്പോൾ അതിന് ഇന്ത്യയെ സഹായിച്ച ദ്രുവ് ജുറൽ- കുൽദീപ് യാദവ് കൂട്ടുകെട്ട് ആയിരുന്നു. രോഹിത്തിന്റെ പകുതിയുടെ പകുതി പരിചയസമ്പത്ത് ഇല്ലാത്ത താരങ്ങൾ ഇംഗ്ലീഷ് ബോളർമാരെ അത്ര മനോഹരമായിട്ടാണ് നേരിട്ടത്.

കൂറ്റൻ ലീഡ് വഴങ്ങുമെന്ന് കരുതിയ ഇടത്ത് നിന്നും ഇന്ത്യയെ മാന്യമായ നിലയിലേക്ക് എത്തിച്ച ഈ താരങ്ങളുടെ ബാറ്റിംഗ് ഈ പരമ്പരയിൽ തിളങ്ങാൻ സാധിക്കാത്ത ഇന്ത്യൻ താരങ്ങൾക്ക് ഒരു പാഠമാണ്. രോഹിത് ശർമ്മ ഉൾപ്പടെ ഉള്ള താരങ്ങൾ വളരെ മോശം ഷോട്ടുകൾ കളിച്ചാണ് പല മത്സരങ്ങളിലും വീണത്. ടെസ്റ്റ് ക്രിക്കറ്റിനെ അതിന്റെതായ മര്യാദ കൊടുത്ത് കളിച്ചാൽ നല്ല റൺസ് സ്കോർ ചെയ്യാൻ പറ്റുമെന്ന് ജുറൽ- കുൽദീപ് സഖ്യം തെളിയിച്ചു.

എന്തായാലും ഇന്നത്തെ ഈ യുവതാരങ്ങളുടെ പ്രകടന മികവ് രോഹിത് ഉൾപ്പടെ ഉള്ള താരങ്ങൾക്ക് നൽകുന്നത് സൂചന തന്നെയാണ്. ഒരു നല്ല ബാറ്റർ എന്ന നിലയിൽ പേരെടുക്കാത്ത കുൽദീപിന് ഒരു മികച്ച ഇന്നിംഗ്സ് സാധിക്കാമെങ്കിൽ സീനിയർ താരങ്ങൾക്കും അത് സാധിക്കും. പിച്ചിനോടും അതിന്റെ സാഹചര്യങ്ങളോടും പൊരുത്തപ്പെടണം എന്ന് മാത്രം.

ഇംഗ്ലണ്ട് ഉയർത്തിയ 353 റൺ പിന്തുടർന്ന് ബാറ്റുചെയ്ത ഇന്ത്യ 307 റൺ എടുത്ത് പുറത്തായി. 219-7 എന്ന സ്കോറിൽ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് 90 റൺസടിച്ച ധ്രുവ് ജുറെലിൻറെ പോരാട്ടമാണ് കരുത്തായത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് ലീഡ് 50ൽ താഴെ എത്തിച്ച ജുറെൽ ലഞ്ചിന് തൊട്ടുമുമ്പ് അവസാന ബാറ്റർ ആയിട്ടാണ് പുറത്തായത്.