അയ്യരെ ഊട്ടി ആവേശ്; കൈയടിച്ച് സോഷ്യല്‍ മീഡിയ

ഐപിഎല്‍ ടീമുകളിലെ താരങ്ങള്‍ കളത്തില്‍ വാശിയോടെയാണ് ഏറ്റമുട്ടുന്നതെങ്കിലും കളത്തിന് പുറത്ത് ഉറ്റ സുഹൃത്തുക്കളായിരിക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ വെങ്കടേഷ് അയ്യരും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പേസര്‍ ആവേശ് ഖാനും തമ്മിലെ സൗഹൃദനിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ആവേശ് ഖാന്‍ സ്വന്തം കൈ കൊണ്ട് വെങ്കടേഷിന് ഭക്ഷണം കൊടുക്കുന്ന ചിത്രം കെ.കെ.ആറാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കൈയിലെ പ്ലേറ്റിലുള്ള ഭക്ഷണം സ്പൂണിലെടുത്ത് ഖാന്‍ വെങ്കടേഷിനെ ഊട്ടുന്നതാണ് ചിത്രം. കെ.കെ.ആര്‍. ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. കമന്റുകളും ലൈക്കുകളും വാരിക്കൂട്ടിയ വെങ്കടേഷ്- ആവേശ് സൗഹൃദത്തിന്റെ ഫോട്ടോ നിമിഷംനേരംകൊണ്ട് വൈറലാകുകയും ചെയ്തു.

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയ്ക്കായി വെങ്കടേഷും ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ആവേശും കളിച്ചിരുന്നു. ഇരു താരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വെങ്കടേഷ് അര്‍ദ്ധ ശതകം തികച്ചപ്പോള്‍ അധികം റണ്‍സ് വഴങ്ങാതെ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കാന്‍ ആവേശിനു സാധിച്ചിരുന്നു.