അബദ്ധം പറ്റിയതാണ്..., അബദ്ധം പറ്റിയതല്ല; ലേലത്തിൽ പറ്റിയ വമ്പൻ തെറ്റിന് പിന്നാലെ വിശദീകരണവുമായി പഞ്ചാബ് കിങ്‌സ്

ആളെമാറി ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്‌സ് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം നേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ലേലത്തിന്റെ അവസാന റൗണ്ടുകളിലാണ് പഞ്ചാബിന് അബദ്ധം പറ്റിയത്. ശശാങ്ക് സിംഗ് എന്ന കളിക്കാരനെ 20 ലക്ഷം രൂപ അടിസ്ഥാനവിലയ്ക്ക് ടീമിലെത്തിച്ചെങ്കിലും തങ്ങള്‍ ഉദ്ദേശിച്ചയാളല്ല ഇതെന്ന് വൈകിയാണ് പഞ്ചാബ് തിരിച്ചറിഞ്ഞത്.

ഈ ലേലം അവസാനിച്ച് ഓക്ഷനീയര്‍ മല്ലിക സാഗര്‍ അടുത്തയാളിലേക്ക് പോകാനൊരുങ്ങവെയാണ് പഞ്ചാബിന് അബദ്ധം മനസിലായത്. ഇതോടെ ഇയാളെയല്ല തങ്ങള്‍ ഉദ്ദേശിച്ചതെന്ന് പഞ്ചാബ് അറിയിച്ചു. താരത്തെ വേണ്ടെന്ന് പഞ്ചാബ് പറഞ്ഞെങ്കിലും ഹാമര്‍ താഴ്ത്തിയതിനാല്‍ അതിനു സാധിക്കില്ലെന്ന് മല്ലിക സാഗര്‍ അറിയിക്കുകയായിരുന്നു. ഇതോടെ താരത്തെ സ്വീകരിക്കാന്‍ പഞ്ചാബ് നിര്‍ബന്ധിതരായി. ഛത്തീസ്ഗഡ് ടീമില്‍ കളിക്കുന്ന 32 വയസുകാരനാണ് ശശാങ്ക് സിംഗ്. ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത 19 വയസുകാരന്‍ ഓള്‍റൗണ്ടര്‍ ശശാങ്ക് സിംഗിനായായിരുന്നു പഞ്ചാബിന്റെ ശ്രമം. ഈ താരത്തിന്റെയും അടിസ്ഥാന വില 20 ലക്ഷമായിരുന്നു. ഇതാണ് പഞ്ചാബിനെ കുഴപ്പിച്ചത്.

എന്തായാലും ഈ രണ്ട് താരങ്ങളെയും പഞ്ചാബ് തന്നെ സ്വന്തമാക്കി. ഇപ്പോൾ ഇതാ പഞ്ചാബ് കിംഗ്സ് ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്. എക്‌സിലൂടെയാണ് അവർ അവയുടെ അഭിപ്രായം പറഞ്ഞത്. അത് ഇങ്ങനെയാണ്: “ശശാങ്ക് സിംഗ് എപ്പോഴും ഞങ്ങളുടെ ടാർഗെറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഇതേ പേരിലുള്ള 2 താരങ്ങൾ ലിസ്റ്റിൽ ഉള്ളതാണ് ആശയക്കുഴപ്പത്തിന് കാരണം. രണ്ട് പേരെയും ഞങ്ങൾക്ക് ആവശ്യം ആയിരുന്നു. ഈ താരങ്ങൾ രണ്ട് താരങ്ങൾ ഞങ്ങളുടെ ടീമിൽ സന്തോഷത്തോടെ ആയിരിക്കാനും വിജയത്തിൽ സഹായിക്കാനും പറ്റട്ടെ എന്നതാണ് ആശംസിക്കുന്ന കാര്യം ,” ഫ്രാഞ്ചൈസി പറഞ്ഞു.

പഞ്ചാബ് വാങ്ങിയ ശശാങ്ക് സിംഗ് മുന്‍പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയ ടീമുകളില്‍ കളിച്ചതാണ്. ആഭ്യന്തര മത്സരങ്ങളില്‍ മികച്ച റെക്കോഡുള്ള താരമാണ് ശശാങ്ക് സിംഗ്.