'ഐപിഎല്‍ ഒളിമ്പിക് ഗെയിംസ് പോലെ'; താരതമ്യവുമായി ജസ്റ്റിന്‍ ലാംഗര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ ഒളിമ്പിക്‌സുമായി താരതമ്യപ്പെടുത്തി ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. ഐപിഎല്‍ ഒളിമ്പിക് ഗെയിംസ് പോലെയാണെന്നും എല്ലാ മത്സരങ്ങളും ഒരു കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

റിക്കി പോണ്ടിങ്ങുമായി ഞാന്‍ ദീര്‍ഘനേരം സംസാരിച്ചു. മുംബൈ ഇന്ത്യന്‍സിലും ഡല്‍ഹി ക്യാപിറ്റല്‍സിലും പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ച് അവന്‍ എന്നോട് പറഞ്ഞു. ടോം മൂഡി എന്റെ നല്ല സുഹൃത്താണ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെക്കുറിച്ച് അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു.

ഐപിഎല്‍ വലുതും ഒളിമ്പിക് ഗെയിംസ് പോലെയുമാണ്. ഓരോ കളിയും ഓരോ കാഴ്ചകളാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ഇത് പിന്തുടരുന്നത്. ടൂര്‍ണമെന്റില്‍ ചേരുന്നതില്‍ ഞാന്‍ ആവേശത്തിലാണ്- ലാംഗര്‍ പറഞ്ഞു.

എല്‍എസ്ജിയുടെ പരിശീലകനായി ആന്‍ഡി ഫ്‌ലവറിനെ മാറ്റിയാണ് ജസ്റ്റിന്‍ ലാംഗറെ ലഖ്‌നൗ നിയമിച്ചത്. 2021-ല്‍ ഓസ്ട്രേലിയയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ലാംഗര്‍ ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്സിനെയും വിജയത്തിലെത്തിച്ചു.