രവീന്ദ്ര ജഡേജയും സഞ്ജു സാംസണും ഉൾപ്പെട്ട വ്യാപാര കരാറിന് തിരിച്ചടി. രാജസ്ഥാൻ റോയൽസിന്റെ വിദേശ ക്വാട്ട പൂർത്തിയായതാണ് അപ്രതീക്ഷിത തിരിച്ചടിയ്ക്ക് കാരണമായിരിക്കുന്നത്. കെെമാറ്റ കരാറിലെ അംഗമായ സാം കറനെ ടീമിൽ ഉൾപ്പെടുത്താൻ അവരുടെ പക്കൽ പണമില്ല.
ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാനും രണ്ട് ദിവസം മുമ്പ് സ്വാപ്പിനായി താൽപ്പര്യം കാണിച്ച് ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ ബിസിസിഐക്ക് ഔദ്യോഗിക അഭ്യർത്ഥന ലഭിച്ചിട്ടില്ല. സഞ്ജുവിനെ വിട്ടുകൊടുക്കുന്നതിന് പകരമായി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (CSK) രവീന്ദ്ര ജഡേജയുമായി ഒരു സ്വാപ്പ് ഡീൽ (കൈമാറ്റം) ചർച്ചയിലായിരുന്നു. ഈ ഡീലിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനെയും ഉൾപ്പെടുത്താൻ ആലോചനയുണ്ടായിരുന്നു.
ജഡേജയെയും സാം കറനെയും ടീമിലെടുത്ത് സഞ്ജുവിനെ വിട്ടുകൊടുക്കാൻ രാജസ്ഥാൻ റോയൽസ് തയ്യാറായിരുന്നു. ഡീലിന്റെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ഈ ഡീൽ തടസ്സപ്പെട്ടിരിക്കുകയാണ്.
സാം കറനെ ടീമിൽ ഉൾപ്പെടുത്താൻ രാജസ്ഥാന് സാധിക്കാത്തതാണ് ഡീൽ വഴിമുട്ടാനുള്ള പ്രധാന കാരണം. ഐപിഎൽ നിയമപ്രകാരം ഒരു ടീമിൽ പരമാവധി എട്ട് വിദേശ താരങ്ങളെ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ. നിലവിൽ ജോഫ്ര ആർച്ചർ, ഷിമ്രോൺ ഹെറ്റ്മയർ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ഫസൽഹഖ് ഫറൂഖി, ക്വന മഫക്ക, നാന്ദ്രെ ബർഗർ, പ്രിട്ടോറിയസ് എന്നിവർ ഉൾപ്പെടെ എട്ട് വിദേശ താരങ്ങൾ രാജസ്ഥാൻ സ്‌ക്വാഡിലുണ്ട്.
Read more
കൂടാതെ, സാം കറനുവേണ്ടി ചെലവഴിക്കേണ്ട തുകയുടെ കാര്യത്തിലും രാജസ്ഥാന് പരിമിതികളുണ്ട്. ടീമിന് നിലവിൽ ചെലവിടാൻ കഴിയുന്നത് 30 ലക്ഷം രൂപ മാത്രമാണ്. എന്നാൽ കറന്റെ ലേലത്തുക 2.4 കോടിയാണ്. അതിനാൽ, സാം കറനെ ടീമിലെടുക്കണമെങ്കിൽ ഏതെങ്കിലും വിദേശ താരത്തെ ഒഴിവാക്കിയാൽ മാത്രമേ രാജസ്ഥാന് സാധിക്കുകയുള്ളൂ. ഇതാണ് നിർണായകമായ സ്വാപ്പ് ഡീലിന് തടസ്സമായത്.







