ഐപിഎല്‍ 2024: 'എന്റെ പ്രകടനത്തില്‍ യുവി പാജി അസ്വസ്ഥനായിരിക്കും'; കാരണം പറഞ്ഞ് അഭിഷേക് ശര്‍മ്മ

ഐപിഎല്‍ 2024 ലെ തുടര്‍ച്ചയായ മൂന്നാമത്തെ പിഴവിന് ശേഷം യുവരാജ് സിംഗിനെ ഭയന്ന് സണ്‍റൈസേഴ്‌സ് യുവഓപ്പണര്‍ അഭിഷേക് ശര്‍മ്മ. ഡല്‍ഹിയ്‌ക്കെതിരെ വലിയ സ്‌കോര്‍ നേടാനുള്ള മറ്റൊരു അവസരം നഷ്ടമായതില്‍ തന്റെ ഉപദേഷ്ടാവ് യുവരാജ് സിംഗ് തന്നോട് അസ്വസ്ഥനാകുമെന്ന് അഭിഷേക് ശര്‍മ്മ കരുതുന്നു.

ഏപ്രില്‍ 20 ശനിയാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ താരം 12 പന്തില്‍ 46 റണ്‍സ് നേടിയിരുന്നു. കളിയുടെ ഏഴാം ഓവറില്‍ ലോഫ്റ്റഡ് ഡ്രൈവ് കളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരം പുറത്തായത്. ഹെഡും അഭിഷേകും ചേര്‍ന്ന് 6.1 ഓവറില്‍ 131 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 7 മത്സരങ്ങളില്‍ നിന്ന് 257 റണ്‍സാണ് അഭിഷേക് ഇതുവരെ നേടിയത്.

യുവി പാജി അസ്വസ്ഥനായിരിക്കും. പക്ഷെ സീസണിലെ ആകെയുള്ള പ്രകടനം നോക്കിയാല്‍ അദ്ദേഹം സന്തോഷവാനായിരിക്കും. ഞാന്‍ എല്ലായ്പ്പോഴും കൂടുതല്‍ ഓവറുകള്‍ ബാറ്റ് ചെയ്യണമെന്നു ആഗ്രഹിക്കുന്നയാളാണ് യുവി പാജി. ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്.

ഞങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബൗണ്ടറികളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹം ഓക്കെയായിരിക്കുമെന്നും ഞാന്‍ കരുതുന്നു. പക്ഷെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും കേള്‍ക്കേണ്ടിവരുമെന്ന് തനിക്കു തോന്നുന്നു- അഭിഷേക് കൂട്ടിച്ചേര്‍ത്തു.