ഐപിഎല്‍ 2024: കഴിഞ്ഞ സീസണിലെ ആ മണ്ടത്തരം ആവര്‍ത്തിച്ചില്ലെങ്കില്‍ കിരീടം നേടാം; റോയല്‍സിന്‍റെ സാധ്യതകളെ കുറിച്ച് ചോപ്ര

ഐപിഎല്‍ 17ാം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ കിരീടം സാധ്യതകളെ കുറിച്ച് വിലയിരുത്തലുമായി ആകാശ് ചോപ്ര. ഐപിഎല്ലില്‍ ഇത്തവണ കിരീടം നേടാന്‍ സാധിക്കുന്ന ടീം തന്നെയാണ് റോയല്‍സെന്നും എന്നാല്‍ അതിനു കഴിഞ്ഞ സീസണില്‍ ചെയ്ത വലിയൊരു തെറ്റ് തിരുത്തേണ്ടതുണ്ടെന്നും ചോപ്ര പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിന്റേത് മികച്ച ടീമാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ഐപിഎല്‍ വളരെയധികം ആവേശകരമായിരിക്കുമെന്നു ഞാന്‍ കരുതുന്നത്. ഇത്തവണയും അവര്‍ പ്ലേഓഫിലേക്കു യോഗ്യത നേടിയില്ലെങ്കില്‍ അതു വലിയ നാണക്കേടായിരിക്കും.

കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍സ് കാണിച്ച ഏറ്റവും വലിയ മണ്ടത്തരം ഇംപാക്ട് പ്ലെയര്‍ നിയമം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയില്ല എന്നതാണ്. ശക്തമായ സ്‌ക്വാഡാണ് അവര്‍ക്കുള്ളത്. പക്ഷെ ഇത്തവണ റോയല്‍സിനു കിരീടം നേടണമെങ്കില്‍ ഇംപാക്ട് പ്ലെയര്‍ നിയമം നന്നായി പ്രയോജനപ്പെടുത്തിയേ തീരൂ. അതിനു സാധിക്കുകയാണെങ്കില്‍ റോയല്‍സിനു തീര്‍ച്ചയായും ചാമ്പ്യന്മാരാവാന്‍ സാധിക്കും- ചോപ്ര പറഞ്ഞു.

2022 ഐപിഎലിലെ റണ്ണറപ്പുകളായിരുന്നു റോയല്‍സ്. പക്ഷെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു പരാജയപ്പെട്ടു. കഴിഞ്ഞ തവണ വലിയ പ്രതീക്ഷയോടെയിറങ്ങിയ റോയല്‍സ് പ്ലേഓഫ് പോലും കാണാതെയാണ് അവര്‍ പുറത്താത്. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ റോയല്‍സിനായുള്ളൂ.