ഐപിഎല്‍ 2024: മുംബൈയ്‌ക്കൊപ്പം ചേര്‍ന്ന് സൂപ്പര്‍ ബാറ്റര്‍, ബ്ലൂ ആര്‍മി ആവേശത്തില്‍

മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 ന് തയ്യാറെടുപ്പു ആരംഭിച്ചുകഴിഞ്ഞു. ശസ്ത്രക്രിയയെത്തുടര്‍ന്ന് മാസങ്ങളായി ക്രിക്കറ്റില്‍നിന്ന് വിട്ടുനിന്ന സൂര്യകുമാര്‍ യാദവ് പുതിയ സീസണിനായുള്ള പരിശീലനം ആരംഭിച്ചു. ടി20യിലെ ഏറ്റവും മികച്ച ബാറ്ററുടെ മടങ്ങി വരവ് മുംബൈയ്ക്ക് ഒരു നല്ല വാര്‍ത്തയാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലാണ് സൂര്യ അവസാനമായി കളിച്ചത്. രോഹിത് ശര്‍മ്മയും ഹാര്‍ദിക് പാണ്ഡ്യയും ഇല്ലാതെ വന്നപ്പോള്‍ ടീമിനെ നയിച്ചത് സൂര്യകുമാറായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ താരം സെഞ്ച്വറി നേടിയെങ്കിലും ഫീല്‍ഡിംഗിനിടെ പരിക്കേറ്റു. തുടര്‍ന്ന് താരം ജര്‍മ്മനിയില്‍ പോയി ശസ്ത്രക്രിയ നടത്തി. പുനരധിവാസത്തിനായി എന്‍സിഎയില്‍ എത്തിയ താരം, നെറ്റ്സില്‍ നൈപുണ്യ പരിശീലനം ആരംഭിച്ച അദ്ദേഹം ഉടന്‍ തന്നെ ഐപിഎല്‍ 2024-ല്‍ ബാറ്റുമായി തിരിച്ചെത്തും.

ഐപിഎല്‍ 17ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ ഹാര്‍ദിക് പാണ്ഡ്യ നയിക്കും. മാര്‍ച്ച് 24ന് തങ്ങളുടെ മത്സരത്തില്‍ ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടും.