IPL 2024: സഞ്ജു ലോകകപ്പ് ടീമിൽ കാണില്ല, അതിന് കാരണം ആ ഒറ്റ പ്രശ്നം; ആരാധകരെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനവുമായി ഇർഫാൻ പത്താൻ

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിൽ നിന്ന് സഞ്ജു സാംസണെ മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ഒഴിവാക്കി. സഞ്ജു തന്നോട് മത്സരിക്കുന്ന മറ്റ് താരങ്ങളേക്കാൽ ഒരുപാട് പിന്നിൽ ആണെന്നും ഇർഫാൻ പറഞ്ഞു. 2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച രീതിയിൽ തുടങ്ങിയിട്ടും ആ മികവ് ആവർത്തിക്കാൻ സഞ്ജുവിന് പിന്നീട് ആയില്ല. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വലിയ കാര്യമായി ഒരിക്കൽ വിശേഷിപ്പിക്കപ്പെട്ടിരുന്ന സാംസണിന് സ്ഥിരതയോടെ പ്രകടനം തുടരാൻ സാധിച്ചിട്ടില്ല.

ജിതേഷ് ശർമ്മ, ഋഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവരെ ടി20 ലോകകപ്പ് ടീമിലെ തൻ്റെ മൂന്ന് മത്സരാർത്ഥികളായി പത്താൻ തിരഞ്ഞെടുത്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജിതേഷ് സെറ്റപ്പിൻ്റെ ഭാഗമായിരുന്നുവെന്നും എന്നാൽ പന്തിൻ്റെ തിരിച്ചുവരവ് സെലക്ടർമാരെ അവരുടെ പദ്ധതികൾ മാറ്റാൻ പ്രേരിപ്പിച്ചേക്കുമെന്നും പത്താൻ തൻ്റെ തിരഞ്ഞെടുക്കലുകൾ വിശദീകരിച്ചു.

“ജിതേഷ് ഇതുവരെ ഇന്ത്യക്ക് വേണ്ടി കീപ്പിംഗ് നടത്തിയിരുന്നു, പക്ഷേ പന്ത് തിരിച്ചെത്തി. പന്ത് വളരെ ആവേശഭരിതനായ ക്രിക്കറ്ററാണ്. ഏത് സാഹചര്യത്തിലും കളിയെ മാറ്റിമറിക്കാൻ കഴിവുള്ള ഒരു മാച്ച് വിന്നറാണ് അദ്ദേഹം. എന്നാൽ വളരെക്കാലത്തിന് ശേഷം അദ്ദേഹം തിരിച്ചെത്തുകയാണ്. പന്ത് മികച്ച ഫോമിൽ കളിച്ച് തുടങ്ങിയതിനാൽ അവൻ ടീമിൽ ഉണ്ടാകും.” പത്താൻ ESPNCricinfo-യിൽ പറഞ്ഞു.

” ഓപ്പണിങ് ഇറങ്ങി ലക്നൗ ടീമിനായി മികച്ച പ്രകടനമാണ് രാഹുൽ നടത്തുന്നത്. അവൻ ഏത് ബാറ്റിംഗ് ഓർഡറിലും ഇറങ്ങി മികച്ച പ്രകടനം നടത്താൻ സാധിക്കും. അവൻ എന്തായാലും ലോകകപ്പ് ടീമിൽ ഉണ്ടാകും.”

സാംസണെ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെക്കുറിച്ച് പത്താൻ വിശദീകരിച്ചു.

“നിർഭാഗ്യവശാൽ ഞാൻ സഞ്ജു സാംസണെ ഒഴിവാക്കി, ഐപിഎല്ലിൽ സഞ്ജു ഒരു ടോപ്പ് ഓർഡർ ബാറ്ററായി ബാറ്റ് ചെയ്യുന്നിടത്താണ് അതിന് കാരണം. ഇന്ത്യൻ ടീമിൽ ഇത് ഓർഡറിന് മുകളിൽ ട്രാഫിക് ജാം പോലെയാണ്. രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി എന്നിവർ ലോകകപ്പ് ടീമിൽ ഉറപ്പാണ്, നിങ്ങൾക്ക് അവിടെ സഞ്ജുവിനെ കാണാൻ പറ്റില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.