IPL 2024: മത്സരത്തില്‍ രോഹിത്തിന്റെ ഇടപെടല്‍, താരത്തെ ലോങ് ഓണിലേക്ക് തട്ടി ഹാര്‍ദ്ദിക്; നിയന്ത്രണം വിട്ട് ആരാധകര്‍

ഐപിഎല്‍ 17ാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തോല്‍വി ഇരന്നുവാങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. അഹമ്മദാബാദില്‍ ടോസിടാന്‍ ഇറങ്ങിയതു മുതല്‍ മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഗാലറി എതിരായിരുന്നു. രോഹിത് ശര്‍മ്മ അനുകൂല മുദ്രാവാക്യങ്ങളായിരുന്നു ഗാലറിയില്‍ മുഴങ്ങി നിന്നിരുന്നത്. ഇതിനെ ചിരിയോടെയാണ് ഹാര്‍ദ്ദിക് നേരിട്ടതെങ്കിലും ഉള്ളില്‍ പുകഞ്ഞ് നില്‍ക്കുകയായിരുന്നെന്ന് താരത്തിന്റെ ശരീരഭാഷയില്‍നിന്നും വ്യക്തം.

നായകസ്ഥാനം പോയെങ്കിലും സീനിയര്‍ താരം എന്ന നിലയില്‍ മത്സരത്തിനിടെ സഹതാരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും പ്രോത്സാഹനം നല്‍കിയും രോഹിത് കളത്തില്‍ സജീവമായിരുന്നു. എന്നാല്‍ ഇതിനിടയില്‍ രോഹിത്തിനെ ലോങ് ഓണില്‍ ഹാര്‍ദ്ദിക് ഫീല്‍ഡിംഗിന് ഇട്ടു. മത്സരത്തില്‍ രോഹിത്തിന്റെ ഇടപെടല്‍ ഇഷ്ടപ്പെടാത്തതിനാലാണ് ഹാര്‍ദ്ദിക് താരത്തെ ലോങ് ഓണിലേക്ക് തട്ടിയതെന്നാണ് ആരാധക ഭാഷ്യം.

നായകനായിരിക്കെ രോഹിത് പൊതുവേ സ്ലിപ്പിലും ഷോര്‍ട്ടിലുമായാണ് ഫീല്‍ഡ് ചെയ്യാറുള്ളത്. ഇതാണ് താരങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഫീല്‍ഡിംഗ് ക്രമീകരിക്കാനുമുള്ള ഉചിതമായ സ്ഥാനം. മത്സരത്തിനിടെ ഹാര്‍ദിക്കിനും ജസ്പ്രീത് ബുംറയുള്‍പ്പെടെയുള്ളവര്‍ക്ക് രോഹിത് നിര്‍ദേശം നല്‍കുന്നത് കാണാമായിരുന്നു. ഇതില്‍ ഹാര്‍ദിക്കിന് അമര്‍ഷമുണ്ടെന്നും അതുകൊണ്ടാണ് രോഹിത്തിനെ ബൗണ്ടറി ലൈനിലേക്ക് മാറ്റിയതെന്നുമാണ് ആരാധകര്‍ പറയുന്നത്.

ശുഭ്മാന്‍ ഗില്‍ നായകനായി അരങ്ങറിയ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേയായുള്ളു. 38 ബോളില്‍ 46 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

രോഹിത് ശര്‍മ്മ 29 ബോളില്‍ 43 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍ 0, നമാന്‍ ദിര്‍ 10 ബോളില്‍ 20, ടിം ഡൈവിഡ് 10 ബോളില്‍ 11, തിലക് വര്‍മ്മ 18 ബോളില്‍ 28, ഹാര്‍ദ്ദിക് പാണ്ഡ്യ 4 ബോളില്‍ 11 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

അവസാന ഓവറില്‍ മുംബൈയ്ക്ക് ജയിക്കാന്‍ 19 റണ്‍സ് വേണമെന്നിരിക്കെ ആദ്യ രണ്ട് ബോളില്‍ 10 റണ്‍സ് വഴങ്ങിയ ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ ഉമേഷ് യാദവാണ് മാസ്മരിക ബോളിംഗിലൂടെ ഗുജറാത്തിന് വിജയം നേടിക്കൊടുത്തത്.