ഐപിഎല്‍ 2024: അവന് മാത്രമേ എന്നെ ചിരിപ്പിക്കാന്‍ കഴിയൂ: രോഹിത് ശര്‍മ്മ

രോഹിത് ശര്‍മ്മ കളിക്കളത്തില്‍ അത്ര എളുപ്പം ചിരിക്കില്ല. ഇന്ത്യന്‍ ടീമംഗങ്ങളെ അവരുടെ തെറ്റുകള്‍ക്ക് ശകാരിക്കുന്ന രോഹിത്തിനെ മൈതാനത്ത് പലപ്പോഴും കാണാറുണ്ട്. എന്നിരുന്നാലും, ഋഷഭ് പന്ത് സമീപത്തുള്ളപ്പോള്‍, രോഹിത്തിന് തന്റെ ചിരി നിയന്ത്രിക്കാന്‍ പ്രയാസമാണ്. രോഹിത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ ടീമില്‍ എന്നെ ചിരിപ്പിക്കുന്ന ഒരേയൊരു വ്യക്തി റിഷഭാണ്. അവന്‍ വലിയ തമാശക്കാരനാണ്. സ്റ്റമ്പുകള്‍ക്ക് പിന്നിലെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉല്ലാസകരമാണ്. കാര്യങ്ങള്‍ പറയുന്നതില്‍ അദ്ദേഹത്തിന് തന്റേതായ ശൈലിയുണ്ട്. അവന്‍ പറയുന്നതെല്ലാം കേള്‍ക്കുമ്പോള്‍ എനിക്ക് ചിരി നിയന്ത്രിക്കാന്‍ കഴിയുന്നില്ല.

ഞാന്‍ ചിരിക്കാന്‍ ആഗ്രഹിക്കുമ്പോഴെല്ലാം അവനെ വിളിച്ച് ഒരു നല്ല ചിരി പങ്കിടും. വാഹാനാപകടത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി അവന്‍ ക്രിക്കറ്റ് നഷ്ടമായപ്പോള്‍ ഞാന്‍ ശരിക്കും നിരാശനായിരുന്നു. അവന്‍ വീണ്ടും കളത്തിലിറങ്ങിയതില്‍ സന്തോഷമുണ്ട്. അദ്ദേഹം കളിക്കളത്തില്‍ നിന്ന് പുറത്തായപ്പോഴും തമാശ നിറഞ്ഞ അഭിപ്രായങ്ങള്‍ പറയുമായിരുന്നു- രോഹിത് പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്ന പന്ത് ബാറ്ററായും വിക്കറ്റ് കീപ്പറായും മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഓള്‍റൗണ്ട് സംഭാവനകള്‍ പരിഗണിച്ച് താരം പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. പതിനേഴാം സീസണില്‍ ഡല്‍ഹി മൂന്ന് മത്സരങ്ങള്‍ ജയിച്ചു ആറാം സ്ഥാനത്താണ്.