ഐപിഎല്‍ 2024: തിരിച്ചുവരവ് മാസാക്കി കോഹ്‌ലി, മറ്റൊരു ഇന്ത്യക്കാരനും ഇല്ലാത്ത റെക്കോഡില്‍ സൂപ്പര്‍ താരം

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ 2024-ന്റെ ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബി ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടുമ്പോള്‍ ഇന്ത്യയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരും കാത്തിരുന്ന ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഭാര്യ അനുഷ്‌ക ശര്‍മ്മയ്ക്കൊപ്പം ആയിരിക്കേണ്ടതിനാല്‍, അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കോഹ്ലിക്ക് നഷ്ടമായിരുന്നു.

ഇപ്പോഴിതാ തന്റെ തിരിച്ചുവരവ് രാജകീയമായി തന്നെ മാറ്റിയിരിക്കുകയാണ് താരം. ടി20 ക്രിക്കറ്റില്‍ 12,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് താരം. ചെന്നൈയ്‌ക്കെതിരെ ഇന്നിറങ്ങുമ്പോള്‍ വെറും ആറ് റണ്‍സ് മാത്രം അകലെയായിരുന്നു കോഹ്‌ലിയ്ക്ക് ഈ നേട്ടം.

353 ഇന്നിംഗ്സുകളില്‍ ഈ നേട്ടം കൈവരിച്ച ക്രിസ് ഗെയ്ലിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ ബാറ്ററായി കോഹ്‌ലി മാറി. 377 ഇന്നിംഗ്‌സുകളില്‍നിന്നുമാണ് കോഹ്‌ലി ഈ നാഴികക്കല്ല് പിന്നിട്ടത്.

ക്രിസ് ഗെയ്ല്‍, ഷോയിബ് മാലിക്, കീറോണ്‍ പൊള്ളാര്‍ഡ്, അലക്സ് ഹെയ്ല്‍സ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് പിന്നില്‍ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നവരുടെ പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനത്താണ് കോഹ്‌ലി. എന്നാല്‍ 40ന് മുകളില്‍ ശരാശരിയുള്ളത് കോഹ്‌ലിക്ക് മാത്രമാണ്.

കൂടാതെ, ടി20 ഫോര്‍മാറ്റില്‍ തന്റെ 100-ാം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ രേഖപ്പെടുത്താനും ഗെയ്ലിനും (110), ഡേവിഡ് വാര്‍ണറിനും (109) ശേഷം അങ്ങനെ ചെയ്യുന്ന മൂന്നാമത്തെ ബാറ്ററാകാനും കോഹ്‌ലിക്ക് ഈ മത്സരത്തില്‍ അവസരമുണ്ട്.