ഐപിഎല്‍ 2024: 'രാജസ്ഥാന്‍ റോയല്‍സിനായി അവന്‍ 600 റണ്‍സിന് മേല്‍ നേടും'; പ്രവചിച്ച് ആകാശ് ചോപ്ര

ഇന്ത്യയുടെ യുവ ടെസ്റ്റ് ഓപ്പണിംഗ് ബാറ്റ്സ്മാന്‍ യശസ്വി ജയ്സ്വാള്‍ ഐപിഎല്‍ 2024 സീസണില്‍ 600-ലധികം റണ്‍സ് സ്‌കോര്‍ ചെയ്യുമെന്ന പ്രവചിച്ച് ആകാശ് ചോപ്ര. ജയ്സ്വാളിന് വരുന്നത് തന്റെ എക്കാലത്തെയും മികച്ച ഐപിഎല്‍ എഡിഷനാണെന്നും അന്താരാഷ്ട്ര രംഗത്ത് തനിക്ക് ലഭിച്ച വേഗത രാജസ്ഥാന്‍ റോയല്‍സിനായും പ്രയോജനപ്പെടുത്താന്‍ താരത്തിന് കഴിയുമെന്നും ചോപ്ര പറഞ്ഞു.

യശസ്വി ജയ്സ്വാളും ജോസ് ബട്ട്ലറും, രാജസ്ഥാന്റെ ഓപ്പണിംഗ് കോമ്പിനേഷന്‍ അതിശയകരമാണെന്ന് എനിക്ക് തോന്നുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ഒന്നാന്തരമാണ്. യശസ്വി ജയ്സ്വാളിന്റെ നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ അദ്ദേഹം ഈ സീസണില്‍ 600-ലധികം റണ്‍സ് നേടുമെന്ന് ഞാന്‍ കരുതുന്നു.

ഇത്രയും ആത്മവിശ്വാസത്തോടെ നിങ്ങള്‍ ഒരു ടൂര്‍ണമെന്റിലേക്ക് പോകുമ്പോള്‍, നിങ്ങള്‍ മറ്റൊരു ലെവലില്‍ ബാറ്റ് ചെയ്യും. അത് കഴിഞ്ഞ വര്‍ഷവും അദ്ദേഹം ചെയ്തു. എന്നാല്‍ ഈ വര്‍ഷം കൂടുതല്‍ പക്വതയോടെ അക്കാര്യം ചെയ്യും- ചോപ്ര പറഞ്ഞു.

Read more

2023 സീസണില്‍ മികച്ച ഫോമിലായിരുന്നു താരം ബാറ്റുവീശിയത്. 625 റണ്‍സാണ് 14 മത്സരങ്ങളില്‍നിന്നും താരം അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ചുറിയും 8 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. ഈ സീസണില്‍ തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 12 പന്തില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 50 റണ്‍സും ജയ്സ്വാള്‍ നേടിയിരുന്നു.