IPL 2024: 'അവന്‍ അടുത്ത സൂര്യകുമാര്‍ യാദവ്': ഇന്ത്യന്‍ യുവ ബാറ്ററെ പ്രശംസിച്ച് ഷെയ്ന്‍ ബോണ്ട്

മുംബൈ ഇന്ത്യന്‍സിനെ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗിനെ സൂര്യകുമാര്‍ യാദവിനോട് ഉപമിച്ച് ആര്‍ആര്‍ ബോളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ട്. റിയാന്‍ പരാഗ് അടുത്ത സൂര്യകുമാര്‍ യാദവാണെന്ന് ബോണ്ട് പറഞ്ഞു.

റിയാന്‍ പരാഗ് കഴിഞ്ഞ ആറ് വര്‍ഷമായി ഐപിഎലിന്റെ ഭാഗമാണ്, 2019-ല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ താരം ഒരു സീസണില്‍ കുറഞ്ഞത് ഏഴ് മത്സരങ്ങളെങ്കിലും കളിക്കുന്നു. 2020 മുതല്‍ 2022 വരെയുള്ള തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍, ഓരോ വര്‍ഷവും 10 മത്സരങ്ങളില്‍ അദ്ദേഹം കളിച്ചു.

ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ ശരാശരി 18 ആയിരുന്നു. ആദ്യ അഞ്ച് സീസണുകളില്‍ അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 120-ല്‍ താഴെയായിരുന്നു. ബാറ്റില്‍ പരാഗിന്റെ പതിവ് പരാജയം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്മെന്റും ഉടമകളും വര്‍ഷങ്ങളായി പരാഗിന് നല്‍കിയ അചഞ്ചലമായ പിന്തുണക്ക് വളരെയധികം ക്രെഡിറ്റ് അര്‍ഹിക്കുന്നു. പുറത്തെ സമ്മര്‍ദത്തെ അവഗണിച്ചുകൊണ്ട്, മോശം ഫോമിലും അവര്‍ താരത്തെ പിന്തുണച്ചു.

ഈ സീസണില്‍ ഇതുവരെയുള്ള മൂന്ന് ഐപിഎല്‍ മത്സരങ്ങളില്‍ രണ്ടിലും രാജസ്ഥാന് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ബാറ്റര്‍ റിയാന്‍ പരാഗാണ്.