ഐപിഎല്‍ 2024: മറ്റൊരു നായകനുമില്ലാത്ത നേട്ടത്തിലേക്ക് ഹാര്‍ദ്ദിക് പാണ്ഡ്യ, ധോണിയ്ക്കും രോഹിത്തിനും നോക്കി നില്‍ക്കാം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ല്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി കളിക്കളത്തില്‍ ഇറങ്ങാനിരിക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ കാത്തിരിക്കുന്നത് മറ്റാര്‍ക്കുമില്ലാത്ത നേട്ടം. നായകനെന്ന നിലയില്‍ രണ്ട് വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കൊപ്പം കിരീടം നേടുന്ന ആദ്യ ക്യാപ്റ്റനാകാനുള്ള അവസരമാണ് ഹാര്‍ദിക്കിന് മുന്നിലുള്ളത്. 2022-ല്‍ ഗുജറാത്തിനെ കിരീട നേട്ടത്തിലേക്ക് നയിച്ച ഹാര്‍ദിക്, ഈ വര്‍ഷം മുംബൈ ഇന്ത്യന്‍സിനെ ജേതാക്കളാക്കിയാല്‍ റെക്കോര്‍ഡ് ബുക്കില്‍ പ്രവേശിക്കും.

നിലവില്‍, ഒരു താരവും വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കായി ക്യാപ്റ്റനായി ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടില്ല. രോഹിതും ധോണിയും മുംബൈയെയും ചെന്നൈയെയും യഥാക്രമം അഞ്ച് കിരീടങ്ങളിലേക്ക് നയിച്ചു. ഗൗതം ഗംഭീര്‍ കെകെആറിനെ രണ്ട് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ഷെയ്ന്‍ വോണ്‍, ആദം ഗില്‍ക്രിസ്റ്റ്, പാണ്ഡ്യ, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ക്യാപ്റ്റന്‍മാരായി ഓരോ കിരീടം നേടിയിട്ടുണ്ട്.

മാര്‍ച്ച് 24 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മുംബൈ തങ്ങളുടെ ആദ്യ മത്സരം കളിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി ധാരാളം മാച്ച് വിന്നര്‍മാരാല്‍ അനുഗ്രഹീതമാണ്.

മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്:

രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ജിടിയില്‍ നിന്ന് ട്രേഡ് ചെയ്തത്), ടിം ഡേവിഡ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, കുമാര്‍ കാര്‍ത്തികേയ, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, ആകാശ് മധ്വാള്‍, വിഷ്ണു വിനോദ്, റൊമാരിയോ ഷെപ്പേര്‍ഡ്, ഷംസ് മുലാനി, നെഹാല്‍ വാധേര, പിയൂഷ് ചൗള, ജെറാള്‍ഡ് കൊറ്റ്സി, ദില്‍ഷന്‍ മധുശങ്ക, ശ്രേയസ് ഗോപാല്‍, നുവാന്‍ തുഷാര, നമാന്‍ ധിര്‍, അന്‍ഷുല്‍ കംബോജ്, മുഹമ്മദ് നബി