ഐപിഎല്‍ 2024: രോഹിത്തിന് മുന്നിലെ വലിയ വെല്ലുവിളി; ചൂണ്ടിക്കാട്ടി ഫിഞ്ച്

ഐപിഎലില്‍ മുംബൈയ്ക്കായി ക്യാപ്റ്റനല്ലാതെ ഇറങ്ങുന്ന രോഹിത് ശര്‍മ്മയ്ക്ക് മുന്നിലെ വലിയ വെല്ലുവിളി എന്താണെന്ന് ചൂണ്ടിക്കാട്ടി ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ഐപിഎല്‍ 17ാം സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തുനിന്ന് രോഹിത്തിനെ മാറ്റുകയും നായകനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിക്കുകയും ചെയ്തിരുന്നു.

നായകനെന്ന ഭാരം തോളിലില്ലാതെ ഓപ്പണറായി ബാറ്റു ചെയ്യാന്‍ ഇറങ്ങുകയെന്നതാണ് രോഹിത്തിന് മുന്നിലെ വലിയ വെല്ലുവിളിയായി കരുതുന്നത്. നിരവധി വര്‍ഷങ്ങളായി മുംബൈക്കായി മികച്ച പ്രകടനങ്ങള്‍ രോഹിത് നടത്തുന്നു.

ക്യാപ്റ്റനായി തുടര്‍ച്ചയായി നില്‍ക്കുമ്പോള്‍ എവിടെ പോയാലും വലിയ ബഹുമാനവും അംഗീകാരവും ലഭിക്കും. എന്നാല്‍ ഇപ്പോള്‍ ക്യാപ്റ്റനെന്ന ഭാരമില്ലാതെ രോഹിത് ബാറ്റുചെയ്യാന്‍ ഇറങ്ങുമ്പോള്‍ വ്യക്തിപരമായും മുംബൈക്കും അത് ഗുണകരമാവുമെന്നാണ് കരുതുന്നത്- ഫിഞ്ച് പറഞ്ഞു.

അതേസമയം, ഐപിഎല്‍ 2024 ന്റെ ആദ്യ പാദം മാര്‍ച്ച് 22 ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ഗുജറാത്തിനെതിരെ മാര്‍ച്ച് 24നാണ് മുംബൈയുടെ ആദ്യ മത്സരം.