സൗമ്യം.. ഉജ്ജ്വലം, അമാനുഷികം..; എപ്പോഴൊക്കെ വിക്കറ്റ് വേണോ അപ്പോഴൊക്കെ ആ വലംകൈ കൃത്യമായി പഞ്ചാബിന്‍റെ രക്ഷയ്‌ക്ക് എത്തിക്കൊണ്ടിരുന്നു!

യശ്വസി ജയ്സ്വാളിലും ജോസ് ബട്‌ലറിലും തുടങ്ങി സഞ്ജു സാംസണിലൂടെ ഹെട്ട്മയറും കടന്ന് ജേസണ്‍ ഹോള്‍ഡര്‍ വരെ നീണ്ടു കിടക്കുന്ന ബാറ്റിങ് നിര.. ഫോമില്ലാതെ ഉഴറുന്ന ദേവദത്ത് പടിയ്ക്കല്‍ എന്ന ഒരൊറ്റ മിസ് പ്ലേസ് മാറ്റി നിര്‍ത്തിയാല്‍ മധ്യനിര ഭരിയ്ക്കാന്‍ റിയാന്‍ പരാഗും ഇന്നലത്തെ വണ്ടര്‍ കിഡ് ധ്രുവ് ജുറലും.. അതിശക്തമാണ് രാജസ്ഥാന്‍ ബാറ്റിംഗ് നിര… അതുകൊണ്ട് തന്നെ പഞ്ചാബ് ഉയര്‍ത്തിയ 198 എന്ന ടാര്‍ജറ്റ് മറികടക്കുക എന്നത് രാജസ്ഥാന് മുന്നില്‍ ഹിമാലയന്‍ ടാസ്‌ക്ക് ഒന്നും അല്ലായിരുന്നു.

അടിയ്ക്ക് തിരിച്ചടി എന്ന കണക്കില്‍ ഒന്നാം പന്ത് മുതല്‍ രാജസ്ഥാന്റെ പ്രത്യാക്രമണം.. അഞ്ചാം ഓവറില്‍ സ്‌കോര്‍ അമ്പതിലേക്ക് അടുക്കുമ്പോള്‍ പഞ്ചാബ് നായകന്‍ തന്റെ നാലാം ബൗളറായി നഥാന്‍ എല്ലിസിനെ പന്തേല്‍പ്പിയ്ക്കുന്നു… തുടര്‍ച്ചയായി രണ്ടു ബൗണ്ടറികളോടെ എല്ലിസിനെ വരവേറ്റ സഞ്ജുവിനെ സാക്ഷിയാക്കി അതേ ഓവറില്‍ തന്നെ എല്ലിസ് രാജസ്ഥാന്റ് വിശ്വസ്തനായ കാവല്‍ മാലാഖ ജോസ് ബട്‌ലറെ ഉജ്വലമായ ഒരു റിട്ടേണ്‍ ക്യാച്ചിലൂടെ പറഞ്ഞു വിട്ടുകൊണ്ട് ആദ്യ വെടി പൊട്ടിച്ചു..

ദേവദത്ത് പടിക്കലിനെ കാഴ്ചക്കാരനാക്കി കൊണ്ട് വീണു പോകുമായിരുന്ന രാജസ്ഥാന്‍ ബാറ്റിംഗിനെ താങ്ങി നിര്‍ത്തിയ സഞ്ജുവിനെ പുറത്താക്കിക്കൊണ്ട് എല്ലിസ് വീണ്ടും 11 ആം ഓവറില്‍ അവതരിച്ചു.. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ആളി കത്താന്‍ തുടങ്ങിയ റിയാന്‍ പരാഗിനെയും പടിക്കലിനെയും പുറത്താക്കി കൊണ്ട് ഇന്നിഗ്സിന്റ് 15 ആം ഓവര്‍ തന്റെ മുന്നാമത്തെ ഓവറാക്കി അവസാനിപ്പിയ്ക്കുമ്പോള്‍ അയാളുടെ ബൗളിംഗ് ഫിഗര്‍ : 3-0-14-4…

ആദ്യ 2 പന്തില്‍ 8 റണ്‍ വഴങ്ങിയ ശേഷം അടുത്ത 16 പന്തില്‍ വെറും 6 റണ്‍സ് മാത്രം നല്‍കി 4 ടോപ്പ് ഓര്‍ഡര്‍ വിക്കറ്റ് വീഴ്ത്തികൊണ്ട് രാജകീയ തിരിച്ചു വരവ്.. എപ്പോഴൊക്കെ വിക്കറ്റ് വേണോ അപ്പൊഴൊക്കെ ആ വലംകൈ കൃത്യമായി പഞ്ചാബിന്റ രക്ഷയ്‌ക്കെത്തി കൊണ്ടിരുന്നു..

Image

രണ്ടാമത് ബോള് ചെയ്യുന്നവര്‍ക്ക് മേല്‍ ഹിമപാതം കണക്കെ മഞ്ഞു പെയ്യുന്ന ഗുവാഹത്തിയിലേ ആ മൈതാനത്ത് അയാള്‍ പഞ്ചാബ് ബൗളിംഗ് നിരയെ ഒറ്റയ്ക്ക് താങ്ങി നിര്‍ത്തുകയായിരുന്നു.. തന്റെ അവസാനത്തെ ഓവറില്‍ ഹെറ്റമേയറിന്റെയും ജുറെലിന്റെയും കടന്നാക്രമണത്തില്‍ 16 റണ്‍സ് വഴങ്ങേണ്ടി വന്നിട്ടും സെക്കന്‍ഡ് ലാസ്റ്റ് ഓവറില്‍ അതിനിടയില്‍ അപകടകാരി ആയി മാറിയിരുന്ന ഹെട്ട്‌മേയറിന്റ ക്യാച്ച് ഡ്രോപ്പ് ചെയ്തിട്ടും 5 റണ്‍സിന് പഞ്ചാബ് മത്സരം ജയിക്കാന്‍ മുഖ്യ കാരണം രാജസ്ഥാന്‍ ബാറ്റിംഗ് നിരയെ കശക്കിയെറിഞ്ഞ 28 കാരനായ ഈ ഓസ്ട്രേലിയകാരന്‍ തന്നെയായിരുന്നു.

മഞ്ഞു പെയ്യുന്ന വടക്കുകിഴക്കന്‍ മലമുകളില്‍ ശൂന്യതയില്‍ എന്ന പോലെ അയാള്‍ ഇന്നലത്തെ രാത്രി പഞ്ചാബിന്റ രക്ഷകനായി അവതരിയ്കുകയായിരുന്നു..

എഴുത്ത്: ഷിയാസ് കെ.എസ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍