ആ നിയമം തന്നെ ധോണിക്കു വേണ്ടി കൊണ്ടുവന്നപോലെ..!; കാര്യങ്ങളുടെ കിടപ്പ് പറഞ്ഞ് പീറ്റേഴ്സണ്‍

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ഫ്രാഞ്ചൈസിയില്‍ തുടരാനുള്ള സാദ്ധ്യതയെ കുറിച്ച് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്സണ്‍. പതിനാറാം പതിപ്പ് തന്റെ ഐപിഎല്‍ കരിയറിലെ അവസാന സീസണ്‍ ആയിരിക്കുമെന്ന് വളരെയധികം ഊഹാപോഹങ്ങള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ ധോണി ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.

അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിന് ശേഷം ചെപ്പോക്കില്‍ ധോണി വികാരഭരിതമായ ലാപ്പ് ഓഫ് ഓണര്‍ നടത്തിയത് ശ്രദ്ധേയമാണ്. സ്റ്റേഡിയത്തിലെ ദൃശ്യങ്ങളില്‍ മതിമറന്ന പീറ്റേഴ്‌സണ്‍, ധോണി തന്റെ പ്രായം കണക്കിലെടുക്കാതെ ഫ്രാഞ്ചൈസിയില്‍ തുടരണമെന്ന് അഭിപ്രായപ്പെട്ടു. ‘ഇംപാക്ട് പ്ലെയര്‍’ നിയമം നിലവില്‍ വരുന്നതോടെ, വരും സീസണുകളില്‍ ധോണിക്ക് ഇനിയും അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംപാക്റ്റ് പ്ലെയര്‍ ഇപ്പോള്‍ കൂടുതല്‍ പ്രസക്തമായതിനാല്‍, അദ്ദേഹത്തിന് തുടരാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. അവന്‍ എഴുന്നേല്‍ക്കേണ്ട ഒരു ടൂര്‍ണമെന്റാണിത്. അയാള്‍ക്ക് വിശ്രമിക്കാം. അവന്റെ കാല്‍മുട്ടിന് എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍, അടുത്ത രണ്ട് മാസത്തിനുള്ളില്‍ അയാള്‍ക്ക് അത് പരിഹരിക്കാന്‍ ശ്രമിക്കാം. എന്തുകൊണ്ടാവില്ല? അവന്‍ ഒരു ഫിറ്റാണ്, അവന്‍ ഒരു കായികതാരമാണ്- പീറ്റേഴ്‌സണ്‍ പറഞ്ഞു.

ചെപ്പോക്കില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ചെന്നൈ പരാജയപ്പെട്ടെങ്കിലും ധോണി ആരാധകരെ നിരാശരാക്കിയില്ല. മത്സരത്തിന് ശേഷം ധോണി ഗ്രൗണ്ട് വലംചുറ്റി ആരാധകര്‍ക്ക് നന്ദി പറഞ്ഞു. ഈ സമയം ഇതിഹാസ ക്രിക്കറ്റര്‍ സുനില്‍ ഗവാസ്‌കര്‍ ഓടിയെതത്തി ധോണിയുടെ ഓട്ടോഗ്രാഫ് നെഞ്ചില്‍ വാങ്ങി.