ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോ പിന്മാറി; ഇനി 'ടാറ്റ ഐ.പി.എല്‍'

ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ പിന്മാറിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ വന്‍കിട ബിസിനസ് ഭീമന്മാരായ ടാറ്റ ഗ്രൂപ്പാകും ലീഗിന്റെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.

ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഇനി രണ്ട് വര്‍ഷം കൂടി വിവോയ്ക്കുണ്ടായിരുന്നു. എന്നാല്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി തുടരാന്‍ താത്പര്യമില്ലാത്ത വിവോ, ടാറ്റ ഗ്രൂപ്പിന് ഈ അവകാശം കൈമാറാന്‍ അനുമതി നല്‍കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെടുകയായിരുന്നു.

ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗം വിവോ ഗ്രൂപ്പിന്റെ ഈ ആവശ്യം അംഗീകരിച്ചെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ അടുത്ത സീസണ്‍മുതല്‍ ഐപിഎല്‍, ടാറ്റ ഐപിഎല്‍ എന്ന് അറിയപ്പെടും.

ഐപിഎല്‍ 15ാം സീസണ്‍ ഏപ്രില്‍ ആദ്യ വാരം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ സീസണ്‍ ഇന്ത്യയില്‍ തന്നെ ചുരുങ്ങിയ വേദികളിലായി നടത്താനാണ് തീരുമാനം. പുതിയ സീസണില്‍ 10 ടീമുകളും 74 മത്സരങ്ങളുമാണ് ഉള്ളത്. 60 ദിവസങ്ങളോളം നേണ്ട് നില്‍ക്കുന്ന സീസണാവും നടക്കുക. ഓരോ ടീമിനും 14 ലീഗ് മത്സരങ്ങള്‍ വീതം ഉണ്ടാവും.