കലിപ്പടക്കി കുല്‍ദീപ്, പന്തിന് മുന്നില്‍ തോറ്റ് ശ്രേയസും പിള്ളേരും

ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ 44 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 216 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കെകെആര്‍ 19.4 ഓവറില്‍ 171 റണ്‍സിന് പുറത്തായി. അര്‍ദ്ധ സെഞ്ച്വറിനേടിയ നായകന്‍ ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

33 ബോള്‍ നേരിട്ട ശ്രേയസ് 5 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയില്‍ 54 റണ്‍സെടുത്തു. അജിങ്ക്യ രഹാനെ 8, വെങ്കടേഷ് അയ്യര്‍ 18, നിതീഷ് റാണ 30, സാം ബില്ലിംഗ്‌സ് 15, പാറ്റ് കമ്മിന്‍സ് 4, സുനില്‍ നരെയ്ന്‍ 4, ഉമേഷ് യാദവ് 0, ആന്ദ്രെ റസല്‍ 24 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഖലീല്‍ അഹമ്മദ് മൂന്നും ശര്‍ദുല്‍ താക്കൂര്‍ രണ്ടും ലളിത് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ഓപ്പണര്‍മാരായ പൃഥ്വി ഷായുടെയും ഡേവിഡ് വാര്‍ണറുടെയും ഇന്നിംഗ്സ് മികവിലാണ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തുത്.

45 പന്തില്‍ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 61 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഷാ 29 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 51 റണ്‍സടിച്ചു. റിഷഭ് പന്ത് 14 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 27 റണ്‍സെടുത്തു.