പാക് വംശജനായതിനാല്‍ വിസ വൈകും, സൂപ്പര്‍ താരം ആദ്യ മത്സരത്തിനില്ല

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം മൊയില്‍ അലി കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിസ വൈകുന്നതാണ് താരത്തിന് തിരിച്ചടിയായത്.

‘ചെന്നൈ സൂപ്പര്‍ കിംഗ്സും ബിസിസിഐയും മൊയിന്‍ അലിക്ക് വിസ ലഭിക്കുന്നതിനായി ഇടപെടുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്ഥാന്‍ വംശജരുടെ വിസ പാസാക്കുന്നതില്‍ പ്രത്യേക നടപടി ക്രമങ്ങള്‍ ഉള്ളതിനാലാണ് വൈകുന്നത്’ കാശി വിശ്വനാഥന്‍ പറഞ്ഞു.

പാക് അധിനിവേശ കശ്മീരില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരാണ് താരത്തിന്റെ കുടുംബം. എന്നാല്‍ ഇംഗ്ലണ്ടിലാണ് മൊയിന്‍ അലി ജനിച്ചത്. എന്നാല്‍ പാക് ബന്ധം താരത്തിന് തിരിച്ചടിയായിരിക്കുകയാണ്.

ഇന്ത്യയിലേക്ക് അടുത്ത് തന്നെ എത്തിയാലും താരത്തിന് ആദ്യമത്സരം കളിക്കാനാവില്ല. ഇന്ത്യയില്‍ എത്തുന്ന വിദേശ താരങ്ങള്‍ മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം എന്നാണ് ചട്ടം. ഈ മാസം 26 നാണ് ഉദ്ഘാടന മത്സരം.