'പഞ്ചാബ് അടുത്ത എല്ലാ മത്സരങ്ങളും വിജയിക്കും, പ്ലേ ഓഫിലും കേറും'; ഇത് ബോസിന്റെ ഉറപ്പ്

ഐ.പി.എല്ലില്‍ തുടര്‍തോല്‍വികളില്‍ വലയുകയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ആദ്യ മത്സരം ജയിച്ചു തുടങ്ങിയ പഞ്ചാബ് പിന്നീട് തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ തോറ്റ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും നിക്കോളാസ് പൂരാനും ഒഴികെ മറ്റാരും ഈ സീസണില്‍ പഞ്ചാബിനായി തിളങ്ങിയിട്ടില്ല. ഇപ്പോഴിതാ ഇനിയുള്ള മത്സരങ്ങളെല്ലാം പഞ്ചാബ് വിജയിക്കുമെന്നും പ്ലേ ഓഫിലെത്തുമെന്നും പറഞ്ഞിരിക്കുകയാണ് യൂണിവേഴ്‌സ് ബോസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍.

“ഏഴ് മത്സരങ്ങളാണ് ഞങ്ങള്‍ക്കിനി ബാക്കിയുള്ളത്. ഞങ്ങള്‍ എല്ലാ മത്സരങ്ങളും വിജയിക്കുമെന്നാണ് വിശ്വസിക്കുന്നത്. അത് ഇപ്പോഴും സാദ്ധ്യമാണെന്ന് കരുതുന്നു. പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ് ഞങ്ങളുള്ളതെന്ന് അറിയാം. പക്ഷേ എന്നാലും ഞാന്‍ പറയുന്നു പ്ലേ ഓഫിലെത്തുക സാദ്ധ്യമാണ്. ടീമിലെ ഓരോ താരത്തിലും അക്കാര്യം വിശ്വസിക്കുന്നുണ്ട്. മുന്നോട്ട് പോകാനുള്ള ഏക വഴി ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കുക എന്നത് മാത്രമാണ്. ഞങ്ങള്‍ അത് ചെയ്ത് കാണിക്കാന്‍ പോവുകയാണ്” ഗെയ്ല്‍ പറഞ്ഞു.

പഞ്ചാബിനായി ഈ സീസണില്‍ ഇതുവരെ കളത്തിലിറങ്ങാതിരുന്ന ക്രിസ് ഗെയ്ല്‍ ബാംഗ്ലൂരിനെതിരെ ഇന്നു നടക്കുന്ന മത്സരത്തില്‍ ഇറങ്ങുമെന്നാണ് അറിയുന്നത്. ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തിലെ മത്സരത്തില്‍ ക്രിസ് ഗെയ്ല്‍ കൂടിയെത്തിയാല്‍ ബാംഗ്ലൂര്‍ ബോളര്‍മാരെ അടിച്ചൊതുക്കാന്‍ പഞ്ചാബിന് അനായാസം കഴിഞ്ഞേക്കും.

KXIP vs RCB IPL 2020 : Will Chris Gayle play, check what KL Rahul has to say ?

ഇന്ത്യന്‍ സമയം വൈകിട്ട 7.30- ന് ഷാര്‍ജയിലാണ് മത്സരം. വിജയം തുടരാന്‍ ബാംഗ്ലൂര്‍ ഇറങ്ങുമ്പോള്‍ രണ്ടാം പകുതിയില്‍ ജീവന്മരണ പോരാട്ടത്തിനാണ് പഞ്ചാബ് ഇറങ്ങുന്നത്. കളിച്ച ഏഴ് കളിയില്‍ ആറിലും തോറ്റ പഞ്ചാബിന് ഇനിയും തോറ്റാല്‍ പ്ലേ ഓഫ് സാദ്ധ്യതകള്‍ അവസാനിക്കും. ഈ സീസണിലെ ആദ്യ മത്സരത്തില്‍ ബാംഗ്ലൂരിനെ പഞ്ചാബ് 97 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. അവസാന മത്സരത്തില്‍ ഷാര്‍ജയില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍.