ഐ.പി.എല്‍ 2020; ടോസ് പഞ്ചാബിന്, മുംബൈ ആദ്യം ബാറ്റു ചെയ്യും

ഐ.പി.എല്ലില്‍ ഇന്നും നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് മുംബൈയെ ബാറ്റിംഗിനയച്ചു. ഒടുവിലത്തെ കളി അവസാന നിമിഷം കൈവിട്ട് എത്തുന്ന ഇരുടീമുകള്‍ക്കും താളം കണ്ടെത്താന്‍ ഇന്നത്തെ മത്സരം വിജയിച്ചേതീരൂ.
മുംബൈ കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തിയപ്പോള്‍, പഞ്ചാബില്‍ മുരുഗന്‍ അശ്വിന് പകരം കൃഷ്ണപ്പ ഗൗതം കളിക്കും.

ബോളിംഗ് നിരയുടെ പ്രകടനത്തിന്റെ കാര്യത്തില്‍ പഞ്ചാബിന് ഏറെ പുരോഗമിക്കാനുണ്ട്. രാജസ്ഥാനെതിരെ അവസാനം നടന്ന മത്സരം അതിന് തെളിവാണ്. എന്നിരുന്നാലും ഒരു കളിയിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ടീമില്‍ അഴിച്ചുപണികള്‍ ഉണ്ടായേക്കില്ല. ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ഉള്‍പ്പെടെയുള്ള പഞ്ചാബിന്റെ ബാറ്റിംനിര ഉജ്വല ഫോമിലാണ്. മുഹമ്മദ് ഷമി ഉള്‍പ്പടെയുള്ള ബോളിംഗ് നിരയും നിലവാരം പുലര്‍ത്തിയാല്‍ മുംബൈ ബാറ്റ്സ്മാന്മാര്‍ വിയര്‍ക്കും.

മുംബൈ നിരയില്‍ പ്രമുഖ താരങ്ങള്‍ ഇതുവരെ ഫോമിലേക്ക് ഉയരാത്തതാണ് പ്രധാനതലവേദന. ഹര്‍ദിക് പാണ്ഡ്യ, ക്വിന്റണ്‍ ഡികോക്ക്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഫോമൗട്ടാണ്. സ്ഥിരതയില്ലാത്ത പ്രകടനമാണ് ജസ്പ്രീത് ബുംറയുടേത്. സ്പിന്‍നിരയുടെ പ്രകടനവും ദയനീയമാണ്. എന്നിരുന്നാലും സ്പിന്‍നിരയില്‍ രാഹുല്‍ ചഹാറും ക്രൂണല്‍ പാണ്ഡ്യയുമല്ലാതെ മറ്റ് ഓപ്ഷനുകള്‍ മുംബൈയ്ക്ക് ഇല്ലതാനും.

Image

കളിക്കണക്കു നോക്കിയാല്‍ 24 തവണ ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 13 ലും ജയം മുംബൈയ്ക്കായിരുന്നു. 11 തവണ പഞ്ചാബ് ജയിച്ചു. അവസാന അഞ്ച് കളിയില്‍ മൂന്നിലും മുംബൈ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ പഞ്ചാബ് ജയിച്ചു. ഏറ്റവും ഒടുവില്‍ കളിച്ച മത്സരത്തില്‍ 7 റണ്‍സിന് പഞ്ചാബ് വിജയിച്ചിരുന്നു. 2014 ല്‍ യു.എ.ഇയില്‍ കളി നടപ്പോള്‍ ഇരുടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയില്ല.