ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം റെഡി, ബാക്കപ്പായി മാത്രം സഞ്ജു ടീമിൽ; സൂപ്പർ ബോളർക്ക് ടീമിൽ ഇടം ഇല്ല; ഏകദിനത്തിലെ ഫ്ലോപ്പ് സ്റ്റാർ സൂര്യകുമാറിന് ടീമിൽ സ്ഥാനം

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ന് ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് ടീം പ്രഖ്യാപനം നടന്നത്. സെലെക്ഷൻ കമ്മിറ്റിയിലെ പ്രധാനി അജിത് അഗാർക്കറുടെ നേതൃത്വത്തിൽ ഏറെ കൂടിയാലോചനകൾക്കും ചിന്തകൾക്കും ശേഷമാണ് വരാനിരിക്കുന്ന ലോകകപ്പ് കൂടി മുൻനിർത്തി 17 അംഗ സ്‌ക്വാഡിന്റെ പ്രഖ്യാപനം നടത്തിയത്. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ പ്രധാന താരങ്ങൾ എല്ലാവരും തങ്ങളുടെ സ്ഥാനം നിലനിർത്തി.

പാക്കിസ്ഥാനിലും ശ്രീലങ്കയിലയുമായിട്ടാണ് ഈ വർഷത്തെ ഏഷ്യാ കപ്പ് നടക്കുക. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ ആയിരിക്കും നടക്കുക. ഇന്ത്യൻ ടീമിലേക്ക് വന്നാൽ വലിയ പരിക്കിന്റെ ശേഷം തിരിച്ചുവന്ന കെ. എൽ രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങിയവരെ വിചാരിച്ചത് പോലെ തന്നെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ തിലക് വർമ്മക്കും സ്ഥാനം കിട്ടിയപ്പോൾ ഏകദിന മത്സരങ്ങളിൽ അവസരം കിട്ടുമ്പോഴെല്ലാം തിളങ്ങുന്ന സഞ്ജു ടീമിലെ ബാക്കപ്പ് ആയി മാത്രമായി ഇടം പിടിച്ചു. ഇതോടെ വരാനിരിക്കുന്ന ലോകകപ്പിലും സഞ്ജുവിന് സ്ഥാനം കിട്ടില്ലെന്ന് ഉറപ്പിക്കാം.

ഏറെ നാളായി സ്വദേശത്തും വിദേശത്തും നടക്കുന്ന പരമ്പരകളിൽ ഇന്ത്യയുടെ പ്രധാന പ്രധാന സ്പിന്നർ ആയിരുന്നു യുസ്‌വേന്ദ്ര ചാഹലിനും ടീമിൽ ഇടം കിട്ടിയിട്ടില്ല. ആരാധകരെ നിരാശപ്പെടുത്തുന്ന മറ്റൊരു കാര്യം ഏകദിന പരമ്പരകളിൽ എല്ലാം സമീപകാലത്ത് മോശം പ്രകടനം നടത്തിയ സൂര്യകുമാർ യാദവിനെ ഇന്ത്യ വീണ്ടും പരിഗണിച്ചിട്ടുണ്ട്. ഏഷ്യൻ പിച്ചുകളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽ 6 പേസ് ബോളറുമാരും 3 സ്പിന്നറുമാരും ഉൾപെടുത്തിയതിലും ആരാധകർ കലിപ്പിലാണ്.

ടീം ഇങ്ങനെ

രോഹിത് ശർമ്മ (സി)
ശുഭ്മാൻ ഗിൽ
വിരാട് കോലി
ശ്രേയസ് അയ്യർ
സൂര്യകുമാർ യാദവ്
തിലക് വർമ്മ
കെ എൽ രാഹുൽ
ഇഷാൻ കിഷൻ
ഹാർദിക് പാണ്ഡ്യ (വിസി)
രവീന്ദ്ര ജഡേജ
അക്സർ പട്ടേൽ
ശാർദുൽ താക്കൂർ
ജസ്പ്രീത് ബുംറ
മുഹമ്മദ് ഷമി
മുഹമ്മദ് സിറാജ്
കുൽദീപ് യാദവ്
പ്രസിദ് കൃഷ്ണ

സഞ്ജു സാംസൺ (ബാക്കപ്പ്)