അടിക്ക് തിരിച്ചടി; ഇന്ത്യയ്ക്ക് കിട്ടിയത് മുട്ടൻ പണി; ആവേശമായി രണ്ടാം ടെസ്റ്റ്

കേപ്ടൗണ്‍ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 55 റൺസ് ലക്ഷ്യം മറികടന്നെങ്കിലും 98 റൺസ് ലീഡോടെ  ടീം ഇന്ത്യ 153 റൺസിന് പുറത്തായി. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ സിറാജിന്റെ കരുത്തിൽ ഇന്ത്യ എറിഞ്ഞു വീഴ്ത്തിയിരുന്നു.

എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കിട്ടിയത് വമ്പൻ പ്രഹരമായിരുന്നു. ഇന്ത്യയുടെ ആറ് ബാറ്റ്സ്മാൻമാരാണ് പൂജ്യത്തിന് പുറത്തായത്. യശ്വസി ജയ്സ്വാൾ, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, മുകേഷ് കുമാർ എന്നിവരാണ് പൂജ്യത്തിന് പുറത്തായത്.

ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ, ലുംഗി ൻഗിഡി, ബർജർ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. 46 റൺസ് എടുത്ത വിരാട് കോഹ്ലിയും, ശുഭ്മാൻ ഗില്ലും(36), രോഹിത് ശർമ്മയും (39) മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതി നിന്നത്.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക 5 ഓവറിൽ വിക്കറ്റുകൾ നഷ്ടമാവാതെ 19 റൺസ് നേടിയിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്സിനും 32 റണ്‍സിനും ജയിച്ചിരുന്നു. ഇതോടെ രണ്ട് മത്സര പരമ്പരയില്‍ ആതിഥേയര്‍ മുന്നിലെത്തുകയും ചെയ്തു. രണ്ടാം ടെസ്റ്റില്‍ ജയിച്ച് പരമ്പര സമനിലയാക്കാനാണ് ഇന്ത്യയുടെ ശ്രമം.