ടെസ്റ്റ് ക്രിക്കറ്റില്‍ അവനേക്കാള്‍ മികച്ച ബാറ്റര്‍ ഇന്ത്യയ്ക്ക് ഇപ്പോഴില്ല, പക്ഷേ കളിപ്പിക്കുന്നില്ല: വിമര്‍ശിച്ച് ഹര്‍ഭജന്‍ സിംഗ്

സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട്ട് പാര്‍ക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീം ഇന്ത്യ ദയനീയമായ തോല്‍വി ഏറ്റുവാങ്ങി. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ബാറ്റിംഗിലും ബോളിംഗിലും പാരജയമായിരുന്നു. പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്ക് പിന്തുണ ലഭിക്കാതെ പോയപ്പോള്‍, ഡീന്‍ എല്‍ഗറിന്റെ ഉജ്ജ്വല സെഞ്ചുറിയുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ 408 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ നേടി.

ഇന്ത്യയുടെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ചേതേശ്വര് പൂജാരയെയും അജിങ്ക്യ രഹാനെയെയും ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതിന് ഇന്ത്യന്‍ മുന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ ടീം മാനേജ്‌മെന്റിനെ ചോദ്യം ചെയ്തു. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് പൂജാര അവസാനമായി ഇന്ത്യക്കായി കളിച്ചത്. ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടെസ്റ്റ് പരമ്പരയില്‍ രഹാനെ വൈസ് ക്യാപ്റ്റനായിരുന്നു.

നിങ്ങള്‍ അജിങ്ക്യ രഹാനെയെ തിരഞ്ഞെടുത്തില്ല, ചേതേശ്വര് പൂജാരയെ ഒരു കാരണവുമില്ലാതെ പുറത്താക്കി. എല്ലായിടത്തും റണ്‍സ് നേടിയ രണ്ട് താരങ്ങള്‍. മുന്‍ റെക്കോര്‍ഡ് പരിശോധിച്ചാല്‍ കോഹ്ലിയുടെ അതേ സംഭാവനയാണ് പൂജാരയ്ക്കുള്ളത്. എന്തുകൊണ്ടാണ് പൂജാരയെ ഒഴിവാക്കിയതെന്ന് എനിക്ക് തീര്‍ത്തും വ്യക്തമല്ല.

ടെസ്റ്റ് ക്രിക്കറ്റില്‍ പുജാരയേക്കാള്‍ മികച്ച ഒരു ബാറ്റര്‍ ഞങ്ങള്‍ക്ക് ഇപ്പോഴും ഇല്ല. അവന്‍ പതുക്കെ കളിക്കുന്നു, പക്ഷേ അവന്‍ നിങ്ങളെ രക്ഷിക്കുന്നു. കാരണം ഇന്ത്യ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് വിജയിച്ചു- ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ പത്ത് ടെസ്റ്റുകള്‍ കളിച്ച പൂജാര 28.15 ശരാശരിയില്‍ നൂറും മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും സഹിതം 535 റണ്‍സ് നേടിയിട്ടുണ്ട്. മറുവശത്ത്, ദക്ഷിണാഫ്രിക്കയില്‍ കളിച്ച ആറ് ടെസ്റ്റുകളില്‍ നിന്ന് 36.54 ശരാശരിയില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറികളോടെ രഹാനെ 402 റണ്‍സ് നേടിയിട്ടുണ്ട്.