IND vs SA: മറ്റു താരങ്ങളെ കൂടി ഫോമിലേക്കെത്തിക്കുന്നവന്‍, ഇന്ത്യന്‍ ടീം അവനെ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്: ദിനേശ് കാര്‍ത്തിക്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിലും ബോളിംഗിലും മേല്‍ക്കെ നേടാനാകാതെ ഉഴലുകയാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ വിറപ്പിക്കുന്ന ബോളിംഗ് പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യയെ ബാധിച്ചുവെന്നത് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി ദിനേഷ് കാര്‍ത്തിക് രംഗത്തുവന്നു. പരിക്കേറ്റ മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലില്ല.

വിദേശത്ത് ഇന്ത്യയുടെ പേസ് നിരയുടെ നായകനാണ് മുഹമ്മദ് ഷമി. ജസ്പ്രീത് ബുംറയെക്കൂടി ഫോമിലേക്കെത്തിക്കാന്‍ ഷമിക്കാവും. ഇത്തരമൊരു പിച്ചില്‍ ഷമിയുടെ പേസ് ബോളിംഗിനെക്കുറിച്ച് ചിന്തിച്ച് നോക്കുക. തീര്‍ച്ചയായും അവന്‍ ഒന്നിലധികം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ടാവും. ഇന്ത്യന്‍ ടീം തീര്‍ച്ചയായും അവനെ മിസ് ചെയ്യുന്നുണ്ട്- കാര്‍ത്തിക് പറഞ്ഞു

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 245 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 256 റണ്‍സാണ് നേടിയത്. അഞ്ച് വിക്കറ്റ് ശേഷിക്കെ 11 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്.

ഇന്ത്യക്കായി മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി. ഡീന്‍ എല്‍ഗറും (140) മാര്‍ക്കോ യാന്‍സനുമാണ് (3) ക്രീസില്‍.