IND vs SA: ഏകദിന പരമ്പരയിലൂടെ ഏറ്റവും ഗുണം നേടിയത് സഞ്ജുവല്ല; ഗംഭീര്‍ പറയുന്നു

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലെ സഞ്ജു സാംസണിന്റെ സെഞ്ച്വറി പ്രകടനം ഏറെ പ്രശംസ നേടിയെടുത്തിരിക്കുകയാണ്. നിര്‍ണായക മത്സരത്തില്‍ സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയ്ക്ക് ജയയവും പരമ്പരയും സമ്മാനിച്ചത്. എന്നാല്‍ ഏകദിന പരമ്പരയിലൂടെ ഏറ്റവും ഗുണം നേടിയത് സഞ്ജുവല്ല മറ്റൊരു താരമാണെന്ന് വിലയിരുത്തുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. പരമ്പരയില്‍ സഞ്ജുവിനെക്കാള്‍ കൂടുതല്‍ മികവ് കാട്ടിയത് അര്‍ഷ്ദീപ് സിംഗാണെന്നും ഗംഭീര്‍ പറഞ്ഞു.

ഇന്ത്യയുടെ പേസ് ബൗളര്‍മാരുടെ പ്രകടനമാണ് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം. ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ ബൗളര്‍മാരെ ആവശ്യമാണ്. ഇടം കൈയന്‍ പേസര്‍മാര്‍ക്ക് പ്രത്യേക കരുത്തുണ്ട്. അര്‍ഷ്ദീപ് സിങ്ങിന്റെ പ്രകടനം ഇന്ത്യക്കും അവനും ആത്മവിശ്വാസം നല്‍കുന്നു.വിക്കറ്റിന് ആക്രമിക്കുകയും നന്നായി യോര്‍ക്കര്‍ എറിയുകയും ചെയ്യുന്ന താരമാണ് അര്‍ഷ്ദീപ്.

സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനം അന്താരാഷ്ട്ര കരിയറില്‍ വലിയ മാറ്റമുണ്ടാക്കുന്നതാണ്. പല തവണ തഴയപ്പെടുകയും ഒഴിവാക്കപ്പെടുകയും നിര്‍ഭാഗ്യം വേട്ടയാടുകയും ചെയ്യപ്പെട്ട താരമാണ് സഞ്ജു. എന്നാല്‍ ഈ സെഞ്ച്വറി പ്രകടനത്തോടെ സെലക്ടര്‍മാരുടേയും ടീം മാനേജ്മെന്റിന്റേയും ശ്രദ്ധ പിടിച്ചുപറ്റാന്‍ സഞ്ജുവിന് സാധിക്കും. അനുഭവസമ്പന്നനായ താരമാണ് സഞ്ജു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും നിരവധി മത്സരങ്ങള്‍ അവന്‍ കളിച്ചിട്ടുണ്ട്.

കൂടാതെ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണവന്‍. അതുകൊണ്ടുതന്നെ സമ്മര്‍ദ്ദത്തെ അഭിമുഖീകരിച്ച് ശീലമുണ്ട്. പതിയെ തുടങ്ങി നിലയുറപ്പിച്ച ശേഷം സ്വാഭാവിക ശൈലിയിലേക്ക് അവനെത്തി. സഞ്ജു എത്രത്തോളം പ്രഹര ശേഷിയുള്ള ബാറ്ററാണെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്- ഗംഭീര്‍ പറഞ്ഞു.