ഇന്നലെ സിറാജ്, ഇന്ന് ബുംറ; കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയെ ഇനി പേസ് ദൈവങ്ങള്‍ കാക്കണം

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 79 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ 98 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ 176 റണ്‍സിന് ഓള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കെയ തകര്‍ത്തത്.

ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡന്‍ മാര്‍ക്രം സെഞ്ച്വറി നേടി. ഇതാണ് ദക്ഷിണാഫ്രിക്കയെ തുണച്ചത്. മാര്‍ക്രം 103 ബോളില്‍ രണ്ട് സിക്‌സിന്റെയും 17 ഫോറിന്റെയും അകമ്പടിയില്‍ 106 റണ്‍സെടുത്തു. ഡീന്‍ എല്‍ഗര്‍ 12, ഡേവിഡ് ബെഡിന്‍ഗാം 11, മാര്‍ക്രോ ജാന്‍സണ്‍ 11 എന്നിവരാണ് പ്രോട്ടീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ബുംറ ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുകേഷ് കുമാര്‍ രണ്ടും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തേ ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ 55 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ മറുപടി ബാറ്റിംഗില്‍ 153 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറാണ് 55 എന്നത്. 1932-നു ശേഷം ദക്ഷിണാഫ്രിക്ക ഇത്രയും ചെറിയ സ്‌കോറിന് പുറത്താകുന്നതും ഇതാദ്യം. ഒന്നാം ദിവസത്തിന്റെ ഒന്നാം സെഷനില്‍ തന്നെ മുഴുവന്‍ പേരും പുറത്തായെന്ന നാണക്കേടും ദക്ഷിണാഫ്രിക്കയുടെ പേരിലായിരുന്നു.