ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസ് തോൽവി. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലീഷ് പേസർമാരുടെ മിന്നും ബോളിംഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.
കെഎൽ രാഹുലിന്റെ ബാറ്റിംഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിംഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെടുത്ത് പുറത്താകാതെ നിന്നു. എന്നാൽ മത്സരത്തിൽ ജഡേജയ്ക്ക് ആക്രമിച്ച് കളിക്കാനുള്ള അവസരം ഉണ്ടായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ.
അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ:
Read more
“പതിയെ പന്തെറിഞ്ഞക്രിസ് വോക്‌സ്, സ്പിന്നർമാരായ ബഷീർ ജോയ് റൂട്ട് എന്നിവരെ ജഡേജക്ക് അറ്റാക്ക് ചെയ്യാമായിരുന്നു. അവർ ഓഫ് സ്പിന്നർമാരാണെന്നും പന്ത് ബാറ്റിൽ നിന്നും മാറിയാണ് സഞ്ചരിക്കുന്നതെന്നും എനിക്ക് അറിയാം. എന്നാലും അധികം ടേണൊന്നും പിച്ചിലില്ലായിരുന്നു. അതിനാൽ തന്നെ ഔട്ട്‌സൈഡ് എഡ്ജ് എടുക്കുമെന്നോ സ്പിൻ ചെയ്യുമെന്നോ പേടിക്കേണ്ടായിരുന്നു. ഇതിനേക്കാൾ കഠിനമായ പിച്ചിലും ബൗളിങ്ങിനെതിരെയും ജഡേജ കളിച്ചിട്ടുണ്ട്. അവൻ അവസരം എടുക്കമെന്ന് എനിക്ക് തോന്നി. അത്തരം റിസ്‌ക് എടുക്കാൻ ജഡേജ തയ്യാറാവണമായിരുന്നു. അപ്പുറം സിറാജും ബുംറയും ആയതിനാൽ തന്നെ അവൻ കുറച്ച് സിംഗിളുകൾ ഒഴിവാക്കിയിരുന്നു എന്നാലും അവൻ ഗിയറ് മാറ്റാൻ ശ്രമിക്കാമായിരുന്നു” അനിൽ കുബ്ലെ പറഞ്ഞു.