IND vs ENG: 'അവര്‍ പറയുന്നത് കേള്‍ക്കരുത്'; രണ്ടാം ഇന്നിംഗ്സില്‍ രോഹിത്തിന് പറ്റിയ വലിയ പിഴവ് ചൂണ്ടിക്കാട്ടി ഡികെ

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്കും ഇന്ത്യന്‍ ടീമിനും പിഴവ് പറ്റിയതെവിടെയെന്ന് ചൂണ്ടിക്കാട്ടി ദിനേശ് കാര്‍ത്തിക്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ നന്നായി ബോള്‍ ചെയ്തില്ലെന്നും അതോടൊപ്പം ഫീല്‍ഡീംഗ് ക്രമീകരണത്തില്‍ രോഹിത്തിനു വലിയ തെറ്റ് പറ്റിയെന്നും കാര്‍ത്തിക് വിലയിരുത്തി.

രണ്ടാം ഇന്നിംഗസില്‍ ഇന്ത്യ തീര്‍ച്ചയായും നന്നായി ബോള്‍ ചെയ്തിട്ടില്ല. അടുത്ത ടെസ്റ്റില്‍ രോഹിത് ശര്‍മ ചെയ്യേണ്ട ഒരു കാര്യം ബോളര്‍ ക്രമീകരിക്കുന്ന ഫീല്‍ഡിംഗ് അംഗീകരിക്കാതിരിക്കുകയെന്നതാണ്. ഒരുപാട് സമയങ്ങളില്‍ ബോളര്‍മാര്‍ കൂടുതല്‍ ഡിഫന്‍സീവായ ഫീല്‍ഡിംഗ് ക്രമീകരണം നടത്താന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കൂടുതല്‍ അറ്റാക്കിംഗായിട്ടുള്ള ഫീല്‍ഡ് ക്രമീകരിക്കാന്‍ ബൗളര്‍മാരെ രോഹിത് പ്രേരിപ്പിക്കണം.

ഏറ്റവും കുറഞ്ഞത് ഇംഗ്ലണ്ടിന്റെ വാലറ്റക്കാര്‍, പുതുതായി ക്രീസിലെത്തിയവര്‍ എന്നിവര്‍ക്കെതിരേയെങ്കിലും ഇത്തരം ഫീല്‍ഡിംഗൊരുക്കണം. ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മ ഒരു കാര്യം മനസ്സിലാക്കേണ്ടത് ആവശ്യമാണ്. തന്റെ ബാറ്റിംഗ് പോലെ തന്നെ ബോള്‍ കൊണ്ടും കൂടുതല്‍ ആക്രണമോത്സുകത അദ്ദേഹം കാണിക്കേണ്ടതുണ്ട്.

ഒമ്പതും പത്തും സ്ഥാനങ്ങളിലുള്ള ഒരു ബാറ്റര്‍ക്കു ടേണിംഗ് പിച്ചുകളില്‍ ക്രീസിലെത്തിയ ഉടന്‍ അനായാസം സിംഗിളുകള്‍ എടുക്കാന്‍ കഴിയില്ല.അയാളെ അതിനു അനുവദിക്കാനും പാടില്ല. അതു കൂടുതല്‍ ഊര്‍ജത്തോടെ അവരെ തടഞ്ഞുനിര്‍ത്തേണ്ട സമയമാണ്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ ഈ ഏരിയയിലാണ് രോഹിത്തിനും ഇന്ത്യന്‍ ടീമിനും പിഴവ് പറ്റിയത്- ദിനേശ് കാര്‍ത്തിക് വിലയിരുത്തി.