'നമ്മുടെ പൊടിപ്പയ്യന്‍ വളര്‍ന്ന് വലിയ ആളായിരിക്കുന്നു'; സിറാജിനെ അഭിനന്ദിച്ച് സെവാഗ്

ഓസ്‌ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച യുവ പേസര്‍ മുഹമ്മദ് സിറാജിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. സിറാജ് ഏറെ മെച്ചപ്പെട്ടെന്നും പുതുമുഖ താരങ്ങളുടെ ഈ പ്രകടനം കാലങ്ങളോളം എല്ലാവരുടെയും ഓര്‍മ്മയില്‍ ശേഷിക്കുമെന്നും സെവാഗ് പറഞ്ഞു.

“നമ്മുടെ പൊടിപ്പയ്യന്‍ ഈ പര്യടനത്തിലൂടെ വളര്‍ന്ന് വലിയ ആളായിരിക്കുന്നു. അരങ്ങേറ്റ പരമ്പരയില്‍ തന്നെ ഇന്ത്യന്‍ ആക്രമണത്തിന്റെ നേതൃത്വം ലഭിച്ച സിറാജ് മുന്നില്‍ നിന്ന് തന്നെ നയിച്ചു. ഈ പരമ്പരയില്‍ പുതുമുഖ താരങ്ങള്‍ ഇന്ത്യയ്ക്കായി പുറത്തെടുത്ത പ്രകടനം കാലങ്ങളോളം എല്ലാവരുടെയും ഓര്‍മ്മയില്‍ ശേഷിക്കും. ഇനി ട്രോഫി കൂടി നിലനിര്‍ത്തിയാല്‍ എല്ലാം ശുഭം” സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

19.5 ഓവറില്‍ 73 റണ്‍സ് വഴങ്ങിയാണ് സിറാജ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. ഇതോടെ ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സ് സ്‌കോര്‍ 294 റണ്‍സില്‍ അവസാനിച്ചിരുന്നു. ഈ പര്യടനത്തിലെ ഒരു ഇന്ത്യന്‍ ബോളറിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

The boy has become a man on this tour

പ്രമുഖ താരങ്ങള്‍ക്ക് പരിക്കേറ്റതോടെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ ടീമിന്റെ പേസ് വിഭാഗത്തെ നിലവില്‍ നയിക്കുന്നത് സിറാജാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവര്‍ പരിക്കേറ്റ് പുറത്തിരിക്കുന്ന സാഹചര്യത്തിലാണ് അരങ്ങേറ്റ പരമ്പരയില്‍ത്തന്നെ പേസ് വിഭാഗത്തെ നയിക്കാനുള്ള ഉത്തരവാദിത്വം സിറാജിലേക്ക് വന്നെത്തിയത്.