'ഞാന്‍ നായകനോ പരിശീലകനോ ആയിരുന്നെങ്കില്‍ വലിയ കുറ്റബോധം തോന്നുമായിരുന്നു'; ഇന്ത്യയുടെ പ്രകടനത്തില്‍ മുന്‍ താരം

ദക്ഷിണാഫ്രിക്കയെ ഞെട്ടിപ്പിച്ച് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടി പരമ്പര സമനിലയിലാക്കിയെങ്കിലും സന്തോഷിക്കാനൊന്നുമില്ലെന്ന് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. താന്‍ നായകനോ പരിശീലകനോ ആയിരുന്നെങ്കില്‍ ഈ പരമ്പരയിലെ പ്രകടനത്തില്‍ ഏറെ നിരാശനായേനെ എന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ നായകനോ പരിശീലകനോ ആയിരുന്നെങ്കില്‍ വലിയ കുറ്റബോധം തോന്നുമായിരുന്നു. ഇന്ത്യ ഇതിന് മുമ്പ് തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കന്‍ ടീമിനെ നോക്കുക. വളരെ പ്രയാസമുള്ള ടീമായിരുന്നു അന്നത്തേത്. എന്നാല്‍ ഇതായിരുന്നു തോല്‍പ്പിക്കാന്‍ എളുപ്പമുള്ള ടീം. ഡീന്‍ എല്‍ഗറിന്റെ പ്രകടനമാണ് ചരിത്ര നേട്ടത്തില്‍ നിന്ന് ഇന്ത്യയെ തടുത്തത്

ഈ ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം ഡീന്‍ എല്‍ഗര്‍ ഇല്ലാത്ത അവസ്ഥ നോക്കുക. ആദ്യ ടെസ്റ്റ് അവര്‍ തോറ്റേനെ. ടെസ്റ്റ് ക്രിക്കറ്റിന് അവര്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല. ബോളിംഗ് പ്രകടനം വളരെ മികച്ചതായിരുന്നുവെന്ന് പറയാനാവില്ല.

ഡീന്‍ എല്‍ഗര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതിനെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. സൂര്യന്‍ മറഞ്ഞ് തുടങ്ങുന്നതോടെ പിച്ചിന്റെ സ്വഭാവം മാറുമെന്ന കണക്കുകൂട്ടലാണ് അത്തരമൊരു തീരുമാനത്തിന് പിന്നില്‍- സഞ്ജയ് പറഞ്ഞു.