ഈ സീസണിൽ ഞാൻ 600 റൺസ് നേടും, എന്നിട്ട് ലോകകപ്പ് ടീമിലും കയറും; ആത്മവിശ്വാസത്തിൽ ഇന്ത്യൻ താരം പറഞ്ഞത് ഇങ്ങനെ

ഏറെക്കാലമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഭാഗമായ നിതീഷ് റാണ ഫ്രാഞ്ചൈസിക്ക് വേണ്ടി പല കാലഘട്ടങ്ങളിലും മികച്ച ഇന്നിംഗ്‌സുകൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ താരം അവരുടെ ക്യാപ്റ്റനായിരുന്നു, എന്നാൽ നായകൻ എന്ന നിലയിൽ അത്ര മികച്ച പ്രകടനമല്ല താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പറയാം.

കഴിഞ്ഞ സീസണിൽ കാത്തുകാത്തിരുന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർ ടീമിൽ തിരിച്ചെത്തിയതോടെ നിതീഷിന് നായക സ്ഥാനം നഷ്ടപ്പെട്ടു, എന്നാൽ പുറംവേദന ഇടയ്ക്കിടെ അലട്ടുന്ന അയ്യരുടെ ഫിറ്റ്‌നസ് സംബന്ധിച്ച് ആശങ്കയുണ്ട്. ഫ്രാഞ്ചൈസിയെ വീണ്ടും നയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ റാണ പോസിറ്റീവായി.

“ശ്രേയസ് അയ്യർ തിരിച്ചെത്തി, അവൻ ഫിറ്റാണ്. എന്നിരുന്നാലും, എന്നോട് വീണ്ടും ടീമിൻ്റെ ക്യാപ്റ്റനാകാൻ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായാൽ, ആ റോളിന് ഞാൻ തയ്യാറാണ്, ”നിതീഷ് റാണ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

30-കാരൻ ഇന്ത്യൻ ടീമിനായി രണ്ട് ടി20യും ഒരു ഏകദിനവും മാത്രമാണ് കളിച്ചത്. എന്നിരുന്നാലും, 2024 ലെ ഐസിസി ടി20 ലോകകപ്പിൽ തനിക്ക് അവസരം കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോഴും നിതീഷ് ഇരിക്കുന്നത്. “ഞാൻ 2024ലെ ഐസിസി ടി20 ലോകകപ്പിനായി കാത്തിരിക്കുകയാണ്. ഐപിഎൽ 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി എനിക്ക് 600 റൺസ് സ്കോർ ചെയ്യാൻ കഴിയും, സെലക്ഷൻ ഭാഗത്ത് എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സീസണിൽ കൊൽക്കത്തയ്ക്ക് ഒരുപാട് മുന്നോട്ട് പോകാൻ സാധിക്കുമെന്നും നിതീഷ് പറഞ്ഞു.