എന്റെ രാജ്യസ്‌നേഹം ആരേയൂം ബോധിപ്പിക്കേണ്ട കാര്യമില്ല ; ലോക കപ്പില്‍ പാകിസ്ഥാനുമായി ഒത്തുകളിച്ചെന്ന ആക്ഷേപത്തിന് ഷമിയുടെ മറുപടി

കഴിഞ്ഞ ടിട്വന്റി ലോകകപ്പില്‍ പാകിസ്താനോട് ഇന്ത്യ തോറ്റപ്പോള്‍ തനിക്കെതിരേ രാജ്യദ്രോഹിയെന്ന് ഉയര്‍ന്ന ആക്ഷേപത്തിന് മറുപടി പറഞ്ഞ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മൊഹമ്മദ് ഷമി. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ മൊഹമമ്മദ് ഷമി എതിരാളികളോട് പണം വാങ്ങി കളിച്ചെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ മാസങ്ങളോളം താരം മറുപടി പറയാതിരുന്ന ശേഷം ഇപ്പോള്‍ തന്റെ നിശബ്ദത ഭഞ്ജിച്ചിരിക്കുകയാണ്. തന്റെ രാജ്യസ്‌നേഹം ഒരാളുടെ മുന്നിലും തെളിയിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഷമിയുടെ പ്രതികരണം.

ലോകകപ്പില്‍ ആദ്യമായിട്ടായിരുന്നു ഇന്ത്യ പാകിസ്താനോട് കീഴടങ്ങുന്നത്. പത്തുവിക്കറ്റിനായിരുന്നു പാകിസ്താന്‍ ജയം നേടിയത്. മുഴുവന്‍ ഇന്ത്യന്‍ ബൗളര്‍മാരെയും പാക് ബാറ്റ്‌സ്മാന്‍മാരായ മുഹമ്മദ് റിസ്വാനും നായകന്‍ ബാബര്‍ അസമും വലിയരീതിയില്‍ ശിക്ഷിച്ചു. കളിയില്‍ ഏറ്റവും തല്ലുവാങ്ങിയത് മൊഹമ്മദ് ഷമിയായിരുന്നു. 3.5 ഓവര്‍ എറിഞ്ഞ ഷമി വഴങ്ങിയത് 43 റണ്‍സായിരുന്നു. 11.21 എന്ന ശരാശരിയിലാണ് റണ്‍സ് വഴങ്ങിയത്. എന്നാല്‍ തന്റെ രാജ്യത്തോടുള്ള വിശ്വാസ്യത ആരോടും തെളയിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് ഷമി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അജ്ഞാതമായ സാമൂഹ്യമാധ്യമ പ്രൊഫൈലില്‍ ഇരുന്നുകൊണ്ട് വളരെ കുറച്ചുമാത്രം ഫോളോവേഴ്‌സുള്ള ചിലരാണ് തനിക്ക് നേരെ വിരല്‍ ചൂണ്ടിയത്. അവര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. അവര്‍ ഒന്നുമല്ലാത്തവര്‍ ആയതിനാല്‍ അവര്‍ക്ക് ഒരു നഷ്ടവും ഉണ്ടാകാനില്ല. അത്തരക്കാരുമായി യുദ്ധം ചെയ്യാന്‍ തനിക്ക് നേരമില്ലെന്നും ഷമി പറഞ്ഞു. എനിക്കറിയാം ഞാന്‍ ആരാണെന്ന്. ഞങ്ങള്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നവരും രാജ്യത്തിന് വേണ്ടി പോരാടുന്നവരുമാണ്.

ഇന്ത്യ ഞങ്ങളെ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് പറഞ്ഞു ഫലിപ്പിക്കേണ്ട ആവശ്യവും എനിക്കില്ലെന്നും താരം പറഞ്ഞു. ഈ ലോകകപ്പില്‍ ഇന്ത്യ നോക്കൗട്ട് സ്‌റ്റേജില്‍ പോലും എത്തിയില്ല. പാകിസ്താന്‍ മാത്രമല്ല ന്യുസിലന്റും ഇന്ത്യയെ അന്ന് തോല്‍പ്പിച്ചിരുന്നെന്ന കാര്യവും മറക്കരുതെന്ന് ഷമി കൂട്ടിച്ചേര്‍ത്തു.