പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര കളിക്കാൻ ഞാൻ തയ്യാർ, വിദേശത്ത് കിട്ടണം അവന്മാരെ; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

പാക്കിസ്ഥാനെതിരെ പരമ്പര കളിക്കാൻ താൻ തയ്യാർ ആണെന്നും അങ്ങനെ കളിക്കുന്നതിൽ പ്രശ്‌നങ്ങളൊന്നുമില്ല എന്നും പറയുകയാണ് രോഹിത് ശർമ്മ. മികച്ച താരങ്ങൾ ഉള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ അദ്ദേഹം അഭിനന്ദിച്ച് സംസാരിക്കുകയും ചെയ്തു. ക്ലബ് പ്രേരി ഫിറ്റിൻ്റെ പോഡ്‌കാസ്റ്റിൽ അതിഥിയായിരുന്നു രോഹിത്. ഫോർമാറ്റ് സജീവമാക്കി നിലനിർത്താൻ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു ടെസ്റ്റ് പരമ്പര സംഘടിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ രോഹിത്തിനോട് സംസാരിച്ചു.

“കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റ് ഒരുപാട് മുന്നോട്ടുപോയി. ഇന്ത്യയും പാക്കിസ്ഥാനും ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് കളി കൂടുതൽ രസകരവും ആകർഷകവുമാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. രാഷ്ട്രീയം കാരണം ഇരുവർക്കും അവരുടെ വീട്ടിൽ കളിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം. യുകെ, അബുദാബി, ദുബായ് എന്നിവിടങ്ങളിൽ ആയി ഇന്ത്യ പാകിസ്ഥാൻ മത്സരം നടന്നാൽ നന്നായിരിക്കും.”മുൻ താരം പറഞ്ഞു

അദ്ദേഹത്തിന് മറുപടിയായി രോഹിത് പറഞ്ഞത് ഇങ്ങനെയാണ്-

“അതെ. പാകിസ്ഥാൻ മികച്ച ടീമാണ്, അവർക്ക് മികച്ച ബൗളിംഗ് നിരയുണ്ട്. വിദേശ സാഹചര്യങ്ങളിൽ അവർക്കെതിരെ ടെസ്റ്റ് പരമ്പരയിൽ കളിക്കുന്നത് സന്തോഷകരമാണ്. വളരെക്കാലമായി ഞങ്ങൾ അവർക്കെതിരെ ഒരു ടെസ്റ്റ് കളിച്ചിട്ടില്ല. 2006ലോ 2008ലോ ആണ് അവസാനമായി ഇരു ടീമുകളും മത്സരിച്ചത്. ഒരു കളിയിൽ വസീം ജാഫർ ഇരട്ട സെഞ്ച്വറി നേടിയിരുന്നു.”

“അവർക്കെതിരെ ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ ഞാൻ തയ്യാറാണ്. ഐസിസി ടൂർണമെൻ്റിൽ ഞങ്ങൾ അവരോടൊപ്പം കളിക്കുന്നു. ഇരു ടീമുകളും തമ്മിൽ മികച്ച മത്സരമായിരിക്കും നടക്കുക. മറ്റൊന്നിനെക്കുറിച്ചും എനിക്ക് ആശങ്കയില്ല. ബാറ്റും പന്തും തമ്മിലുള്ള നല്ല പോരാട്ടമാണ് ഞാൻ ആഗ്രഹിക്കുന്നത്,’ രോഹിത് ശർമ്മ പറഞ്ഞു.

Read more

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒരു ടെസ്റ്റ് മത്സരമോ പരമ്പരയോ സംഘടിപ്പിക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ മുമ്പൊരിക്കൽ നിർദേശിച്ചിരുന്നു .